News
ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം തുടരുന്നു: സുരക്ഷാഭീഷണിയേറെ, ഉയരണം ശക്തമായ പ്രാര്‍ത്ഥന
പ്രവാചക ശബ്ദം 06-03-2021 - Saturday
ബാഗ്ദാദ്: ഐക്യത്തിന്റേയും, അനുരഞ്ജനത്തിന്റേയും സന്ദേശവുമായി ഇറാഖിലെത്തിയ ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം തുടരുന്നു. അതേസമയം സുരക്ഷ ഭീഷണി നിരവധിയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. പാപ്പ വന്നിറങ്ങിയ രാജ്യത്തിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മൂന്നു ദിവസം മുന്‍പ് സഖ്യസേനയുടെ താവളമായ വ്യോമകേന്ദ്രത്തിനു നേരെ റോക്കറ്റാക്രമണം നടന്നിരിന്നു. അന്‍ബര്‍ പ്രവിശ്യയിലെ അയിന്‍ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ പത്ത് റോക്കറ്റെങ്കിലും പതിച്ചെന്ന് സഖ്യസേനാ വക്താവ് കേണല്‍ വെയ്ന്‍ മാരോറ്റോ പിന്നീട് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ബാഗ്ദാദില്‍ തന്നെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ ദാരുണമായി കൊല്ലപ്പെട്ടിരിന്നു. തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങളുടേയും, റോക്കറ്റാക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ പാപ്പയുടെ സുരക്ഷയെ ചൊല്ലി ആശങ്കകള്‍ വ്യാപകമാണ്. നിലവില്‍ പാപ്പയുടെ സന്ദര്‍ശനത്തിനായി പതിനായിരത്തോളം വിദഗ്ദ പരിശീലനം ലഭിച്ച സുരക്ഷാ ഭടന്മാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. തെരുവ് പോരാട്ടം മുതല്‍ ബോംബാക്രമങ്ങളിലും, റോക്കറ്റാക്രമണങ്ങളിലും വിദഗ്ദ പരിശീലനം ലഭിച്ചവരേയാണ് പാപ്പയുടെ സുരക്ഷയ്കകായി വിന്യസിപ്പിച്ചിരിക്കുന്നതെന്നാണ് മുതിര്‍ന്ന സുരക്ഷാ ഉദ്യോസ്ഥന്‍ പറയുന്നതെങ്കിലും ആശങ്കയേറെയാണ്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായിരിന്നു.
പാപ്പ സന്ദര്‍ശനം നടത്തുന്നിടതെല്ലാം ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ സേനയും, ഇറാഖി സൈന്യവും പാപ്പക്ക് ചുറ്റും സുരക്ഷാ വലയം തീര്‍ക്കും. സംശയാസ്പദമായ വസ്തുക്കളോ, തെരുവ് പോരാട്ടങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ അവയെ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദരടങ്ങിയ ബോംബ് സ്ക്വാഡും, തീവ്രവാദ വിരുദ്ധ സേനയും സജ്ജമാണ്. ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം വേഷം മാറിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും, ദേശീയ സുരക്ഷാ സേനാ ഉദ്യോഗസ്ഥരുടേയും സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്. ഇതിനെല്ലാം പുറമേ, സംശയാസ്പദമായ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നതിനും തടയുന്നതിനായി സാങ്കേതിക വിദഗ്ദരുടെ ഒരു സംഘവും സുരക്ഷാവിന്യാസത്തിന്റെ ഭാഗമായുണ്ട്.
മറ്റ് സന്ദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായ സന്ദര്‍ശനമായതിനാല്‍ കവചിത വാഹനത്തിലായിരിക്കും പാപ്പയുടെ സഞ്ചാരമെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. തിങ്കളാഴ്ച വരെ തുടരുന്ന പാപ്പയുടെ സന്ദര്‍ശനത്തിന് ശക്തമായ പ്രാര്‍ത്ഥന വേണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയായില്‍ ശക്തമാണ്. അപ്പസ്തോലിക സന്ദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പ് തനിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിന്നു.
പരിശുദ്ധ പിതാവിന്റെ ഇറാഖിലെ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക