News - 2025

സ്വവര്‍ഗ്ഗ ബന്ധം കൗദാശികമായി അംഗീകരിക്കാനാകില്ല: അഭ്യൂഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട് വത്തിക്കാന്‍

പ്രവാചക ശബ്ദം 15-03-2021 - Monday

വത്തിക്കാന്‍ സിറ്റി: പല കോണുകളില്‍ നിന്ന് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും കടിഞ്ഞാണിട്ട് സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച സഭാ നിലപാട് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ (സി.ഡി.എഫ്) ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്ത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്ന് വിശ്വാസ തിരുസംഘം അസന്നിഗ്ദമായി വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള ഈ പ്രതികരണം ആരോടുമുള്ള വിവേചനമല്ലെന്നും, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും ഒപ്പിട്ട വിശദീകരണത്തില്‍ പറയുന്നു.

'ഫ്രാൻസിസികോ' എന്ന പേരിൽ നിര്‍മ്മിച്ച ഡോക്യുമെൻ്ററിയെ ഉദ്ധരിച്ച് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഫ്രാൻസിസ് മാര്‍പാപ്പ പരസ്യമായി പിന്തുണയറിയിച്ചു എന്ന തരത്തില്‍ പ്രചരണം അടുത്ത കാലത്ത് ശക്തമായിരിന്നു. ഇതിനുള്ള മറുപടി കൂടിയായാണ് വിശ്വാസ തിരുസംഘത്തിന്റെ പ്രസ്താവനയെ നിരീക്ഷിക്കുന്നത്. ആശീര്‍വാദങ്ങള്‍ കൗദാശികമാണെന്നും അതിനാല്‍ മനുഷ്യ ബന്ധങ്ങളെ ആശീര്‍വദിക്കുമ്പോള്‍ കൂദാശകളുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതിനായി ബന്ധത്തില്‍ ഉള്‍പ്പെടുന്നവരുടെ ഉദ്ദേശ്യശുദ്ധിക്ക് പുറമേ, ആശീര്‍വദിക്കപ്പെടുന്ന കാര്യം സൃഷ്ടിയില്‍ ആലേഖനം ചെയ്യപ്പെട്ടതും കര്‍ത്താവായ ക്രിസ്തുവിനാല്‍ പൂര്‍ണ്ണമായും വെളിപ്പെട്ടതുമായ മഹത്വത്തെ സ്വീകരിക്കുവാനും ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും തിരുസംഘം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

വിവാഹേതര ലൈംഗീക ബന്ധങ്ങളും, സ്ത്രീയും പുരുഷനും തമ്മിലല്ലാത്ത സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധങ്ങളും ആശീര്‍വദിക്കുവാന്‍ കഴിയില്ലെന്ന് വിശ്വാസതിരുസംഘം വ്യക്തമാക്കി. ദൈവം എല്ലാവരേയും സ്നേഹിക്കുന്നതുപോലെ തന്നെ സഭയും എല്ലാവരേയും സ്നേഹിക്കുന്നുണ്ടെന്നും, നീതിയ്ക്കു നിരക്കാത്ത വിവേചനങ്ങള്‍ നിഷേധിക്കുന്നുണ്ടെന്നും വിശദീകരണത്തില്‍ പരാമര്‍ശമുണ്ട്. സ്വവര്‍ഗ്ഗവിവാഹങ്ങളെ അംഗീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് സമീപ വര്‍ഷങ്ങളില്‍ ചില ജര്‍മ്മന്‍ മെത്രാന്മാര്‍ രംഗത്തുവന്ന സാഹചര്യത്തില്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രസ്താവനയ്ക്കു പ്രത്യേക പ്രാധാന്യത്തോടെയാണ് ആഗോള വിശ്വാസ സമൂഹം നോക്കി കാണുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »