News - 2024

നരഹത്യയും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണം: അപേക്ഷയുമായി കോംഗോ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 11-04-2021 - Sunday

കോംഗോ: മധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഴക്കന്‍ മേഖലയിലെ അക്രമങ്ങളിലും, കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസ്താവന. രക്തച്ചൊരിച്ചിലിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട മെത്രാന്‍മാര്‍ യുദ്ധം എല്ലാ കഷ്ടതകളുടേയും മാതാവാണെന്നും, സമൂഹത്തേയും, കുഞ്ഞുങ്ങളുടെ ഭാവിയേയും ബാധിക്കുന്നതാണെന്നും നരഹത്യയും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. “ആയുധമെടുത്ത എല്ലാവരോടുമായി ഞങ്ങള്‍ പറയുന്നു; ‘നിങ്ങളുടെ സഹോദരന്‍മാരെ കൊല്ലുന്നത് അവസാനിപ്പിക്കൂ” ഏപ്രില്‍ 8ന് നാഷണല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് കോംഗോ (സി.ഇഎന്‍.സി.ഒ) യുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സായുധ സൈന്യത്തിന്റെ ദുര്‍ബ്ബലതകള്‍ മുതലെടുത്ത്‌ അക്രമികള്‍ തങ്ങളുടെ രാഷ്ട്രീയപരവും മതപരവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുകയാണെന്നു മെത്രാന്‍മാര്‍ ആരോപിച്ചു. മതസ്വാതന്ത്ര്യ ലംഘനങ്ങളിലൂടെ മേഖലയുടെ ഇസ്ലാമികവല്‍ക്കരണവും, കൈസ്തവരുടെ ഭൂമി പിടിച്ചടക്കലും, പ്രകൃതി വിഭവങ്ങളുടെ ചൂഷണവുമാണ് അക്രമികളുടെ ലക്ഷ്യം. സംയുക്ത ഡെമോക്രാറ്റിക്‌ സേനയുടേയും, ഇസ്ലാമിക വിമതരുടേയും തട്ടിക്കൊണ്ടു പോകലില്‍ നിന്നും രക്ഷപ്പെട്ട ക്രൈസ്തവര്‍ തങ്ങളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന് വെളിപ്പെടുത്തിയതായും, അക്രമികളില്‍ ചിലര്‍ക്ക് ‘സാത്താനിസ’വുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

16,000 പേരടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടായിരുന്നിട്ടുപോലും ആയുധധാരികളായ നിരവധി ഇസ്ലാമിക സംഘടനകളാണ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സ്നേഹത്തിലൂടേയും, ഐക്യത്തിലൂടെയും മാത്രമേ തിന്മയെ മറികടക്കുവാനും, അക്രമത്തിന്റെ ഭീഷണിയെ ഇല്ലാതാക്കുവാനും കഴിയുകയുള്ളൂവെന്ന്‍ മെത്രാന്‍ സമിതി ഓര്‍മ്മിപ്പിച്ചു. ഇസ്ലാമിക വിമത പോരാളികളോട് അനുഭാവം പുലര്‍ത്തുന്ന സൈനീക ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും, സൈന്യത്തിന്റെ മനോവീര്യവും, ശേഷിയും വര്‍ദ്ധിപ്പിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകത്തിലധികമായി കിഴക്കന്‍ മേഖല സായുധ സംഘര്‍ഷങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും വേദിയായി കൊണ്ടിരിക്കുകയാണ്. ഇത് കൊലപാതകങ്ങള്‍ക്കും പലായനത്തിനും കാരണമാകുന്നുണ്ടെന്ന്‍ പ്രസ്താവനയില്‍ പറയുന്നു.

അക്രമങ്ങള്‍ക്കിരയായ സഹോദരീസഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ വര്‍ഷം ജനുവരി 14 മുതല്‍ 26 വരെ ‘അസോസിയേഷന്‍ ഓഫ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് സെന്‍ട്രല്‍ ആഫ്രിക്ക’യുടേയും (എ.സി.ഇ.എ.സി) ‘നാഷ്ണല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് കോംഗോ’യുടേയും മെത്രാന്‍മാര്‍ സംയുക്തമായി രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രത്യേകിച്ച് ഗോമ, ബുട്ടെംബോ-ബെനി, ബുനിയ എന്നീ രൂപതകളില്‍ പ്രത്യേക അജപാലക മിഷനുകള്‍ സംഘടിപ്പിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »