India - 2024

ക്രൈസ്തവ വിരോധികളായ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപലപനീയം: ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

28-04-2021 - Wednesday

ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെ നടക്കുന്നതിനിടയിലും ക്രൈസ്തവവിരോധികളായ ഏതാനും ഉദോഗസ്ഥരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം തികച്ചും അപലപനീയമാണെന്ന്‍ ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തുന്നതെന്ന് ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വ്യക്തമാക്കി. സർക്കാർ നൽകുന്ന ഏതൊരു പ്രതിരോധ മുന്നറിയിപ്പിനെയും അതീവ ശ്രദ്ധയോടെ പാലിച്ചു കൊണ്ടാണ് ഓരോ രൂപതയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം സഹകരിച്ചുവരുന്നത്.

കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ പുതുക്കരി സെൻറ് സേവ്യേഴ്സ് പള്ളിയിൽ വിവാഹകർമ്മത്തോടനുബന്ധിച്ച് വി.കുർബാന നടക്കുന്നതിനിടയിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പള്ളിക്കുള്ളിൽ കടന്നു കയറുകയും കൃത്യമായി സാമൂഹിക അകലം പാലിച്ച് 50 ൽ താഴെ മാത്രം ആളുകൾ ഉൾക്കൊള്ളുന്ന ആരാധനാ സമൂഹത്തിന്റെ വി.കുർബാനയർപ്പണം തടസപ്പെടുത്തുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിക്കാതെ മൂന്നു ശുശ്രൂഷികളെ മാത്രം ഉൾപ്പെടുത്തി വി.കുർബാന (പ്രൈവറ്റ് മാസ്) അർപ്പിച്ചിരുന്ന വൈദികനെ പോലീസ് സ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയും ഇനി വി.കുർബാന അർപ്പിക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കുകയും ചെയ്തതും അത്യന്തം വേദനാജനകമാണ്.

ക്രൈസ്തവരുൾപ്പെടെ ഏതു മതത്തിൽപെട്ടവരുടെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെ മേൽ ഉദ്യോഗസ്ഥർ കടന്നു കയറുന്നത് ശരിയായ നടപടിയല്ല. സർക്കാർ നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ ഉദ്യോഗസ്ഥർ സ്വന്തമായി നിർദ്ദേശങ്ങൾ നൽകുന്നത് ഉചിതവുമല്ല. മറ്റേതൊരു സമൂഹത്തോടും സ്വീകരിക്കാൻ മടിക്കുന്ന നടപടികൾ ഇവർ ക്രൈസ്തവ സമൂഹത്തിന്റെ നേരെ മാത്രം പ്രയോഗിക്കുന്നത് ഉത്കണ്ഠാജനകവും ഖേദകരവുമാണ്. ഇത്തരം മതവിദ്വേഷ പ്രവർത്തങ്ങക്കെതിരെ വേണ്ട നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം വേണ്ടവിധത്തിൽ നിയന്ത്രിക്കണമെന്നും ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അഭിപ്രായപ്പെട്ടു.


Related Articles »