India - 2025
മുനമ്പം സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട രൂപത
പ്രവാചകശബ്ദം 26-10-2024 - Saturday
മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്കായി മുനമ്പം തീരദേശജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ. സമരത്തിന്റെ 13-ാം ദിനമായ ഇന്നലെ മുനമ്പത്തെത്തിയ ബിഷപ്പ് സമരനേതാക്കളുമായും പ്രദേശവാസികളുമായും ആശയവിനിമയം നടത്തി. ഭൂമിയുടെ ന്യായമായ അവകാശങ്ങൾക്കായി മുനമ്പം ജനതയോടൊപ്പം ഉണ്ടാകുമെന്നും മാർ കണ്ണുക്കാടൻ പറഞ്ഞു.
സേവ്യർ കാട്ടുപറമ്പിൽ, റീന ആൻ്റണി കാട്ടുപറമ്പിൽ, സെബാസ്റ്റ്യൻ ഔസോ പൈനാടത്ത് എന്നിവരാണ് ഇന്നലെ നിരാഹാരസമരം നടത്തിയത്. മോൺ. ജോസ് മാളിയേക്കൽ, ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ, വൈദികർ, പാസ്റ്ററൽ കൗൺസിൽ, എകെസിസി അംഗങ്ങൾ, കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും അതിനോട് ചേർന്ന 610 കുടുംബങ്ങളുടെ സ്ഥലങ്ങളും ഉൾപ്പെടെയാണ് അന്യായമായി വഖഫ് ബോർഡ് അവകാശം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ റവന്യൂ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വർഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളിൽ തങ്ങളുടേതല്ല എന്ന അധികാരികളുടെ ഉത്തരവിനെതിരെയാണ് സാധാരണക്കാര്‍ പോരാടുന്നത്.