India - 2024

ആഘോഷങ്ങളില്ലാതെ 134-ാമത് ചങ്ങനാശേരി അതിരൂപതാദിനം

പ്രവാചക ശബ്ദം 12-05-2021 - Wednesday

ചങ്ങനാശേരി: 134-ാമത് അതിരൂപതാദിനം ലളിതമായ ചടങ്ങുകളോടെ മെയ് 20 ന് അതിരൂപത കേന്ദ്രത്തില്‍ ആചരിക്കും. കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നടത്താനിരുന്ന പരിപാടികള്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കി അതിരൂപതാകേന്ദ്രത്തില്‍ നിന്നും ഓണ്‍ലൈനിലാണ് ക്രമീകരിച്ചിരിക്കുന്നത്.

അതിരൂപതാദിനത്തിനൊരുക്കമായി സ്വര്‍ഗ്ഗാരോഹണത്തിരുനാളായ മെയ് 13 മുതല്‍ ഏഴ് ദിവസങ്ങള്‍ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്യാസഭവനങ്ങളും ആത്മീയമായി ഒരുങ്ങണമെന്നും അതിരൂപതയില്‍ നിന്നും നിശ്ചയിച്ചു നല്കിയ നിയോഗങ്ങള്‍ക്കായി, പ്രത്യേകിച്ച് കോവിഡ് മഹാമാരിയില്‍ നിന്നും മുക്തി പ്രാപിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, ഓണ്‍ലൈനായി നടക്കുന്ന അതിരൂപത ദിനാചരണത്തില്‍ അതിരൂപത അംഗങ്ങളായ സ്വദേശത്തും വിദേശത്തുമുള്ള മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നും ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു.

അന്നേദിവസം മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്കും. കേരള ഐ.ടി. പാര്‍ക്‌സ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ എം.തോമസ് മുഖ്യ പ്രഭാഷണം നടത്തും. അതിരൂപതാദിനത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണം, വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവരെ ആദരിക്കല്‍, അതിരൂപതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും.

പരിപാടികള്‍ക്ക് വികാരി ജനറാള്‍മാരായ വെ. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, വെ. റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സിലര്‍ വെ. റവ. ഡോ. ഐസക് ആലഞ്ചേരി, പ്രൊക്കുറേറ്റര്‍ വെ. റവ. ഫാ. ചെറിയാന്‍ കാരികൊമ്പില്‍, കോര്‍ഡിനേറ്റേഴ്‌സ് റവ. ഫാ. ജെന്നി കായംകുളത്തുശേരി, റവ. ഫാ. സിനു വേളങ്ങാട്ടുശേരി, പി.ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡൊമിനിക് വഴീപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. അതിരൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലായ മാക് ടിവി പരിപാടികളുടെ തത്സമയ സംപ്രേക്ഷണം നടത്തും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »