India - 2025

നാടിന്റെ വേദനയായ മുനമ്പത്തിന് ചങ്ങനാശേരി അതിരൂപതയുടെ ഐക്യദാർഢ്യം: ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

പ്രവാചകശബ്ദം 04-11-2024 - Monday

മുനമ്പം- ചെറായി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന കുടിയിറക്കു ഭീഷണി അവരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ മാത്രമോ പ്രശ്നമല്ലെന്നും ഈ നാടിൻ്റെ മുഴുവൻ വേദനയാണെന്നും ഭരണനേതൃത്വങ്ങൾ അതിനെ ഗൗരവത്തോടെ കാണണമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ തോമസ് തറയിൽ.

ജനാധിപത്യ രാഷ്ട്രത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണ്. ഏറ്റവും ചെറിയവനും തൻ്റെ ജീവനും സ്വത്തും സംരക്ഷിക്കാനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ മഹനീയത. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ടി വരുന്നത് സദ്ഭരണത്തിൻ്റെ ലക്ഷണമല്ല. ഈ വിഷയത്തിൽ ഭരണകൂടങ്ങളുടെ നിർദ്ദയമായ മൗനം അത്ഭുതപ്പെടുത്തുന്നു. സങ്കുചിത താൽപര്യങ്ങളും പ്രീണന നയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നും മാർ തറയിൽ ആവശ്യപ്പെട്ടു.

ചങ്ങനാശേരി അതിരുപതയിൽ നിന്നും അമ്പതംഗ പ്രതിനിധി സംഘത്തോടൊപ്പം മുനമ്പം സമരപന്തൽ സന്ദർശിച്ച്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയതായിരുന്നു മാർ തറയിൽ. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, പി.ആർ - ജാഗ്രതാ സമിതി, വിവിധ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ പ്രതിനിധികളായി വികാരി ജനറാൾ മോൺ. ജോൺ തെക്കേക്കര, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, പി ആർ ഒ അഡ്വ.ജോജി ചിറയിൽ, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ, സമരസമിതി പ്രതിനിധികളായി ഫാ. ജോഷി മയ്യാറ്റിൽ, ഫാ.ജേക്കബ് കയ്യാലകം എന്നിവർ പ്രസംഗിച്ചു.


Related Articles »