India

ഹമാസ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്കു ഇന്ന് നാട് വിട ചൊല്ലും

പ്രവാചക ശബ്ദം 16-05-2021 - Sunday

കീരിത്തോട്: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹ സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻറെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും. പത്തു മണി മുതൽ ഇടുക്കി രൂപത മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലിൽ പൊതുദർശനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. രണ്ടു മണി മുതൽ ഷെക്കെയ്‌ന ചാനലിലും മൃതസംസ്കാരത്തിന്റെ തത്സമയ സംപ്രേക്ഷണം ഒരുക്കുന്നുണ്ട്.

അല്പം മുന്‍പ് ഇസ്രായേൽ കോൺസൽ ജനറൽ സൗമ്യയുടെ വീട്ടില്‍ എത്തിയിരിന്നു. മാലാഖ ആയാണ് ഇസ്രായേൽ ജനത, സൗമ്യയെ കാണുന്നതെന്നും സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.


Related Articles »