India - 2024

കത്തോലിക്ക കോണ്‍ഗ്രസിന്റെ കോവിഡ് ആക്ഷന്‍ ഫോഴ്സ് പ്രവര്‍ത്തനമാരംഭിച്ചു

പ്രവാചക ശബ്ദം 18-05-2021 - Tuesday

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സിസി ഹെല്‍പിംഗ് ഹാന്‍ഡ്സ് കോവിഡ് ആക്ഷന്‍ ഫോഴ്സ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ മുഴുവന്‍ രൂപതകളിലുമുള്ള പ്രദേശങ്ങളില്‍ സജീവമായ സാമൂഹ്യ സേവന സഹായങ്ങള്‍ നല്‍കുക എന്നതാണ് ആക്ഷന്‍ ഫോഴ്സിന്റെ ഉദ്ദേശ്യം. ഇതിനായി യൂണിറ്റ്, രൂപത, ഗ്ലോബല്‍ കമ്മിറ്റികള്‍ പ്രത്യേകമായി വോളണ്ടിയര്‍ ടീം പ്രവര്‍ത്തനം നടത്തി വരുന്നു.

ഫുഡ് ആന്‍ഡ് മെഡിസിന്‍ ചലഞ്ച്, ടെലി കൗണ്‍സലിംഗ്, എമര്‍ജന്‍സി വെഹിക്കിള്‍ സര്‍വീസ്, 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, കോവിഡ് കെയര്‍ സെന്റര്‍, വാക്സിനേഷന്‍ ബൂസ്റ്റര്‍ സ്കീം തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗ്ലോബല്‍ തലത്തില്‍ 251 അംഗ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു.

ഇടവകകള്‍ കേന്ദ്രീകരിച്ച്, ഭക്ഷണമില്ലാത്ത നിര്‍ധനരായ ആളുകളെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കുക, കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കോവിഡ് ആക്ഷന്‍ ഫോഴ്സിന്റെ ഉദ്ഘാടനം ബിഷപ്പ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.

ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി ഗവര്‍ണര്‍ സുനില്‍ കെ. തോമസ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെമിനാര്‍ നയിച്ചു.

More Archives >>

Page 1 of 391