Editor's Pick - 2024

പെന്തക്കുസ്ത തിരുനാൾ ദിനത്തിൽ ഓൺലൈൻ ബൈബിൾ പാരായണം വിവിധ ഭാഷകളിൽ: നിങ്ങൾക്കും പങ്കുചേരാം

പ്രവാചക ശബ്ദം 18-05-2021 - Tuesday

പരിശുദ്ധാത്മാവിൽ നിറഞ്ഞ് ശ്ലീഹന്മാരും അവരുടെ സുവിശേഷസാക്ഷ്യം വഴി മറ്റുള്ളവരും ഏകമനസ്സോടെ ഒരു കൂട്ടായ്മയായി രൂപപ്പെടുകയും ദൃശ്യസഭയായി ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തതിന്റെയും ഓർമ്മ പുതുക്കുന്ന പെന്തക്കുസ്ത തിരുനാൾ ദിനത്തിൽ വിവിധ ഭാഷകളിൽ ഓൺലൈൻ ബൈബിൾ പാരായണവുമായി 'പ്രവാചകശബ്ദം'. വരുന്ന മെയ് 23നാണ് ആഗോള കത്തോലിക്ക സഭ ഇത്തവണത്തെ പെന്തക്കുസ്ത തിരുനാൾ ആചരിക്കുന്നത്. തിരുനാൾ ദിനത്തിൽ പ്രവാചകശബ്ദം ഓൺലൈൻ പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ബൈബിൾ പാരായണം ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 10 മണിയോടെ ദൈവവചന പാരായണത്തിന് തുടക്കമാകും. അപ്പസ്തോല പ്രവർത്തനങ്ങളാണ് പ്രത്യേകമായി വായിക്കുക.

ഭീരുക്കളായിരുന്ന അപ്പസ്തോലന്മാരെ പെന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ധീരസാക്ഷികളാക്കി മാറ്റിയതും ഈ മഹത്തായ ദിനം മുതൽ ആയിരങ്ങള്‍ മാമ്മോദീസ സ്വീകരിച്ചതിലൂടെ കാലത്തിനും ദേശത്തിനും ഭാഷയ്ക്കും അതീതമായി ഭാഷകളുടെ വിസ്മയം നടന്നതും അവർണ്ണനീയമായ വിശ്വാസ സത്യമാണ്. ഇതിന്റെ മഹത്തായ ഈ ഓർമ്മ പുതുക്കുന്ന സുദിനത്തിൽ ക്രമീകരിക്കുന്ന ദൈവവചന പാരായണത്തിൽ ലോകത്തിന്റെ ഏത് കോണിൽ നിന്നാണെങ്കിലും ഓരോരുത്തർക്കും അവരവർക്ക് സാധിക്കുന്ന ഭാഷയിൽ ബൈബിൾ പാരായണം നടത്താവുന്നതാണ്. പങ്കുചേരാൻ താത്പര്യമുള്ള ഏവർക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ കൈമാറാവുന്നതാണ്.

സത്യത്തിന്റെയും ഐക്യത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ദൈവീക ശക്തിയുടെയും ആത്മാവായ പരിശുദ്ധാത്മാവിനെ നമ്മുടെ കുടുംബങ്ങളിലും സ്വീകരിക്കാൻ ഈ മഹത്തായ ബൈബിൾ പാരായണത്തിൽ നമ്മുക്കും പങ്കുചേരാം. ഒപ്പം, വൈദികർക്കും സിസ്റ്റേഴ്സിനും അൽമായർക്കും ഒരുപോലെ ഭാഗഭാക്കാവുന്ന ഈ മഹത്തായ ദിനത്തിലെ ശുശ്രൂഷയിൽ പങ്കുചേരാൻ മറ്റുള്ളവർക്കും നമ്മുക്ക് പ്രചോദനമേകാം.

ദൈവവചന പാരായണത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിക്കുക


Related Articles »