Faith And Reason

പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കൊല നടന്ന നൈജീരിയന്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ പുനഃരാരംഭിച്ചു

പ്രവാചകശബ്ദം 13-04-2023 - Thursday

ഒണ്‍ഡോ: നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വംശഹത്യ ലോക ശ്രദ്ധയില്‍ കൊണ്ടുവന്ന പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊലക്ക് സാക്ഷ്യം വഹിച്ച സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ മാസങ്ങള്‍ക്ക് ശേഷം തിരുക്കര്‍മ്മങ്ങള്‍ പുനഃരാരംഭിച്ചു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലെ വിശുദ്ധ കുര്‍ബാനയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. 2022 ജൂണ്‍ 5 പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനക്കിടെ ദേവാലയം വളഞ്ഞ തീവ്രവാദികള്‍ തോക്കുകളും, സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 41 ക്രൈസ്തവരെയാണ് കൊന്നൊടുക്കിയത്. കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിരിന്നു.

അറ്റകുറ്റപ്പണികള്‍ക്കായി 43 ആഴ്ചകളോളം അടച്ചിട്ടതിന് ശേഷമാണ് ദേവാലയം തിരുക്കര്‍മ്മങ്ങള്‍ക്കായി വീണ്ടും തുറന്നിരിക്കുന്നതെന്നു വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ പറഞ്ഞു. സമ്മിശ്ര വികാരത്തോടെയാണ് നമ്മള്‍ ഇവിടെ നില്‍ക്കുന്നത്. ജൂണ്‍ അഞ്ചിനുണ്ടായ ആക്രമണം കാരണം ഏതാണ്ട് പത്തുമാസക്കാലം നമുക്ക് ഈ ദേവാലയം തുറക്കുവാന്‍ കഴിഞ്ഞില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിനും എതിരായി നടക്കുന്നതിനെ എല്ലാത്തിനേയും അതിജീവിക്കുവാനുള്ള ശക്തി അവിടുന്നിലുള്ള വിശ്വാസം നമുക്ക് തരുമെന്നു ബിഷപ്പ് പറഞ്ഞു.

തിന്മയുടെ പ്രവര്‍ത്തിയാണ് ഈ ആക്രമണമെന്ന് ചൂണ്ടിക്കാട്ടിയ ബിഷപ്പ്, ഒവ്വോ പട്ടണത്തിന്റെ സൗന്ദര്യമായ ഈ ദേവാലയത്തിലെത്തി ആക്രമണം നടത്തുവാന്‍ എങ്ങനെ ഒരാള്‍ക്ക് കഴിയുമെന്നും ചോദിച്ചു. നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ സംഭവങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി നൈജീരിയന്‍ ഭരണകൂടം യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. തങ്ങളുടെ പരാജയത്തിന് സര്‍ക്കാര്‍ പൗരന്മാരോട് ക്ഷമാപണം നടത്തുവാന്‍ മടിക്കുന്നതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ല. പൗരന്മാരെ സംരക്ഷിക്കുവാന്‍ കഴിയാത്ത ഭരണകൂടം ഗവണ്‍മെന്റെന്ന് വിളിക്കപ്പെടുവാന്‍ യോഗ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

“പത്തുമാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആക്രമണത്തെ ലോകം മറന്നു. ഈ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ ആരും ഇതുവരെ വിചാരണ ചെയ്യപ്പെടുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടെ ശക്തിതുറന്നുക്കാട്ടുകയും, കുറ്റക്കാരെ ശിക്ഷിക്കുകയും വേണം”. പെന്തക്കൂസ്ത തിരുനാള്‍ ദിനത്തിലെ ആക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ ഇപ്പോഴും മാനസികാസ്വസ്ഥത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് മെത്രാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Related Articles »