Faith And Reason - 2025
പെന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ഇസ്രായേലിന് വേണ്ടി 21 ദിവസത്തെ പ്രാർത്ഥനയുമായി ക്രൈസ്തവ സമൂഹം
പ്രവാചകശബ്ദം 02-05-2023 - Tuesday
ജെറുസലേം: പെന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ലോകമെമ്പാടുമുള്ള വിവിധ ക്രൈസ്തവ കൂട്ടായ്മകൾ ഇസ്രായേലിനുവേണ്ടി പ്രാർത്ഥനയിൽ ഒരുമിക്കുന്നു. മെയ് ഏഴാം തീയതി ആരംഭിക്കുന്ന പ്രാർത്ഥന 28 വരെ നീണ്ടുനിൽക്കും. 21 ദിവസം ഒരു മണിക്കൂർ വച്ച് ജെറുസലേമിനുവേണ്ടി പ്രാർത്ഥിക്കാൻ 10 ലക്ഷം ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി മാർച്ച് ഏഴാം തീയതി മുതലാണ് പ്രചാരണം ആരംഭിച്ചതെന്ന് മിസ്സൗറിയിലെ ഇന്റർനാഷ്ണൽ ഹൗസ് ഓഫ് പ്രയറിന്റെ പ്രതിനിധി മൈക്ക് ബിക്കിൾ പറഞ്ഞു. ഏപ്രിൽ ഒന്ന് ആയപ്പോഴേക്കും 10 ലക്ഷം ആളുകൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നുവെന്നും, ഏകദേശം 50 ലക്ഷത്തോളം ആളുകൾ പ്രാർത്ഥനയുടെ ഭാഗമാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Isaiah62fast.com എന്ന പേരിലുള്ള വെബ്സൈറ്റിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഏശയ്യാ പ്രവാചകന്റെ പുസ്തകം അറുപത്തിരണ്ടാം അധ്യായമാണ് പ്രാർത്ഥന ദിവസങ്ങളിലെ പ്രധാന വചന ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. ജെറുസലേമിനെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെപ്പറ്റി മനസിലാക്കാൻ അറുപത്തിരണ്ടാം അദ്ധ്യായത്തെക്കാൾ കൂടുതലായി വിവരം നൽകുന്ന മറ്റൊരു അധ്യായം തനിക്ക് അറിയില്ലെന്ന് മൈക്ക് ബിക്കിൾ പറഞ്ഞു. ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുന്ന ക്രൈസ്തവരുടെ എണ്ണം ഭാവിയിൽ 10 കോടിയായി വർദ്ധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.
പെന്തക്കുസ്ത ദിനം ജെറുസലേമിലെ ടെമ്പിൾ മൌണ്ടിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ ഭാഗത്തെ പടികളിലായിരിക്കും സമാപനമാകുക. ജുഡീഷ്യറിയുടെ നവീകരണം, ഇറാനിൽ നിന്നുണ്ടാകുന്ന ആണവായുധ ഭീഷണി തുടങ്ങിയ പ്രശ്നങ്ങൾ ഇസ്രായേലിന് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പണ്ട് യഹൂദ ജനതയ്ക്കു വേണ്ടി എസ്തർ രാജ്ഞി നിലകൊണ്ടത് പോലെ ക്രൈസ്തവ വിശ്വാസികൾ ഇപ്പോൾ ഇസ്രായേലിന് വേണ്ടി നിലകൊള്ളണമെന്ന ആവശ്യമാണ് പ്രാർത്ഥനയുടെ സംഘാടകർ മുന്നോട്ടുവെക്കുന്നത്.