India - 2024

വ്യാജ പ്രചരണം: നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കെസിവൈഎം

പ്രവാചകശബ്ദം 15-06-2021 - Tuesday

കൊച്ചി: ക്രിസ്ത്യന്‍ സംഘടനകള്‍ എന്ന വ്യാജേന വിഭാഗീയത പരത്തുന്ന ചില സംഘടനകള്‍ സമൂഹ മാധ്യമങ്ങളിലൂടെ കെസിവൈഎംന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കെസിവൈഎം സംസ്ഥാന സമിതി അറിയിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നു. ക്രിസ്ത്യന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിക്ക് കെസിവൈ എമ്മുമായി യാതൊരു ബന്ധവുമില്ല. ഇത്തരം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതിനിധികളെ അയച്ചിട്ടില്ല എന്ന് 32 രൂപതകളും രേഖാമൂലം സംസ്ഥാന സിന്‍ഡിക്കേറ്റിനെ ധരിപ്പിച്ചു.

കത്തോലിക്ക സഭയുടെ അംഗീകാരമില്ലാത്ത സംഘടനകളുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരിക്കില്ല എന്നും, കേരളത്തിന്റെ മത സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു അറിയിച്ചു. കെസിവൈഎമ്മിന്റെ പേരില്‍ ക്ലബ് ഹൗസ് പ്ലാറ്റ്‌ഫോമില്‍ വിദ്വേഷ ജനകമായ ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന്റെ മോഡറേറ്റര്‍മാരായിരുന്നവര്‍ കെസിവൈഎമ്മുമായി ബന്ധമില്ലാത്തവരണാണെന്ന് യോഗം വിലയിരുത്തി. അതിനാല്‍ ഇത്തരം ചര്‍ച്ചകളും വ്യാജ പ്രൊഫൈലുകളില്‍ നിന്നും വരുന്ന സന്ദേശങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യണം.

സമൂഹമാധ്യമങ്ങളിലൂടെ കെസിവൈഎം പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ മാത്യു, ഡയറക്ടര്‍ സ്റ്റീഫന്‍ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സി. റോസ് മെറിന്‍, ഭാരവാഹികളായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, എബിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 396