News

പ്രസിഡന്റ് ബൈഡന് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമോ?: വിഷയത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി യു‌എസ് മെത്രാന്മാര്‍

പ്രവാചകശബ്ദം 16-06-2021 - Wednesday

വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയേയും സ്വവര്‍ഗ്ഗ ബന്ധങ്ങളെയും പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേപോലെയുള്ള രാഷ്ട്രീയക്കാരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന വിവാദ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മെത്രാന്‍മാര്‍ ചര്‍ച്ചക്കൊരുങ്ങുന്നു. ഈ വിഷയം സംബന്ധിച്ച് രാജ്യത്തെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ചക്കൊരുങ്ങുന്നത്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ വിര്‍ച്ച്വലായി നടക്കുന്ന മെത്രാന്‍ സമിതിയുടെ വാര്‍ഷിക യോഗത്തില്‍വെച്ച് കത്തോലിക്കാ സഭയുടെ മര്‍മ്മപ്രധാനമായ വിശുദ്ധ കുര്‍ബാന സ്വീകരണം സംബന്ധിച്ച പ്രബോധനത്തിന്റെ കരടുരൂപം തയ്യാറാക്കുവാന്‍ പ്രബോധന കമ്മിറ്റിയോട് ആവശ്യപ്പെടണമോ എന്ന് മെത്രാന്‍മാര്‍ തീരുമാനിക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ വളരെ ജാഗ്രതയോടെ വേണമെന്ന്‍ വിശ്വാസ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ യു.എസ് മെത്രാന്‍ സമിതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന കത്തോലിക്കരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന് മെത്രാന്മാര്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നാണ് 2004-ല്‍ യു.എസ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഭിന്നാഭിപ്രായമുണ്ട്. സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജോസഫ് കോര്‍ഡിലിയോണി ബൈഡന് ദിവ്യകാരുണ്യസ്വീകരണം അനുവദിക്കരുതെന്ന കര്‍ക്കശ നിലപാടാണ് പുലര്‍ത്തുന്നത്.

അതേസമയം ബൈഡന് ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിച്ചില്ലെങ്കില്‍ അത് കത്തോലിക്കര്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണമാവുമെന്ന മുന്നറിയിപ്പുമായി സാന്‍ഡിയഗോ മെത്രാന്‍ റോബര്‍ട്ട് മക്എലോറി രംഗത്തുവന്നിരിന്നു. ദിവ്യകാരുണ്യം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയും ലേഖനത്തിലൂടെ അദ്ദേഹം പങ്കുവെച്ചു. തന്റെ കത്തോലിക്കാ വിശ്വാസം ബൈഡന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കത്തോലിക്കാ സഭക്ക് അപമാനകരമാണെന്നാണ് നോട്രഡാം സര്‍വ്വകലാശാലയുടെ അലുംനി സംഘടനയായ സിക്കാമോറിന്റെ ചെയര്‍മാന്‍ ബില്‍ ഡെംപ്സി പറയുന്നത്.

യുഎസ് വൈസ് പ്രസിഡന്റും, സെനറ്ററുമായിരുന്നിട്ടുള്ള ബൈഡന്‍ കഴിഞ്ഞ ദശകത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെയും സ്വവര്‍ഗ്ഗബന്ധങ്ങളുടെയും ഗര്‍ഭഛിദ്ര അനുകൂല നിലപാടുകളുടെ പേരിലും കുപ്രസിദ്ധനായിരിന്നു. പ്രസിഡന്റ് പദത്തിലെത്തിയ ശേഷവും അദ്ദേഹം ഗര്‍ഭഛിദ്ര അനുകൂല നിലപാടാണ് സ്വീകരിച്ചിരിന്നത്. ഇത് യു‌എസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മറ്റിയില്‍ നിന്നുവരെ കടുത്ത വിമര്‍ശനത്തിന് വഴി തെളിയിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 663