Editor's Pick

"തുറന്നിട്ട മദ്യശാലകളും അടച്ചിട്ട ദേവാലയങ്ങളും" കേരള ജനതയുടെ മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ

പ്രവാചകശബ്ദം 17-06-2021 - Thursday

ഇന്നുമുതൽ മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് തുടരുകയും ചെയ്യുമ്പോൾ വിശ്വാസികൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ആരാധനാ സ്വാതന്ത്ര്യമോ, മദ്യപാന സ്വാതന്ത്ര്യമോ ഏതാണ് വലുത്? മനുഷ്യശരീരത്തിൽ കോവിഡ് രോഗബാധ രൂക്ഷമാകുന്നതിന് മദ്യം ഒരു പരിധിവരെ പങ്കുവഹിക്കുന്നുണ്ടെന്നാണ് ഗവേഷണ ഫലങ്ങൾ വ്യക്തമാക്കുന്നത്. കാരണം, മദ്യം മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷിയെ കുറയ്ക്കുകയും അതുമൂലം രോഗം മൂർച്ഛിക്കുകയും ചെയ്യുന്നതിനു കാരണമായി തീരുന്നു.

എന്നാൽ ആരാധനാലയങ്ങൾ മനുഷ്യനെ ഭയത്തിൽ നിന്നും മുക്തരാക്കുകയും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ഈ മഹാമാരിയെ നേരിടാൻ അവനെ ശക്തനാക്കുകയും ചെയ്യുന്നു. സത്യം ഇതാണെന്നിരിക്കെ, ഇന്നുമുതൽ മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് തുടരുകയും ചെയ്യുമ്പോൾ അത് മനുഷ്യന്റെ ആരാധനാസ്വതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്.

ദൈവവിശ്വാസത്തെ തള്ളിപ്പറയുന്ന നിരീവരവാദികളും പുരോഗമനവാദികളും സാംസ്‌കാരിക നായകന്മാരും ഈ കോവിഡ് കാലത്ത് എന്താണ് ചെയ്‌തത്‌ എന്ന് നാം കണ്ടതാണ്. ദൈവമില്ല എന്നു വരുത്തിത്തീർക്കുവാൻ ഈ മഹാമാരിയെ ഒരു ആയുധമാക്കി ഇക്കൂട്ടർ വിശ്വാസികളെ പരിഹസിക്കുക മാത്രം ചെയ്‌തപ്പോൾ, ഇവിടെയുള്ള ആരാധനാലയങ്ങളും ക്രൈസ്‌തവ സംഘടനകളും വിശ്വാസികൾക്ക് ആവശ്യമായ സഹായങ്ങളെത്തിച്ചും വേദനിക്കുന്നവരുടെ കണ്ണുനീർ തുടച്ചും ദൈവത്തിന്റെ സാന്നിധ്യം ഈ ലോകത്തിന് വെളിപ്പെടുത്തി. എന്നിട്ടും, മദ്യശാലകൾ തുറക്കുമ്പോൾ പോലും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തത് വിശ്വാസികളുടെ അവകാശങ്ങൾക്ക് ഈ സർക്കാർ ഒരു വിലയും കൽപ്പിക്കുന്നില്ല എന്നതിന്റെ തെളിവാണ്.

ഈ കോവിഡ് കാലത്ത് ദേവാലയങ്ങൾ തുറക്കാൻ അനുവദിച്ചപ്പോഴൊക്കെ ക്രൈസ്‌തവ ദേവാലയങ്ങൾ എത്ര അടുക്കും ചിട്ടയോടും കൂടെ, പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ശുശ്രൂഷകൾ നടത്തിയിരുന്നത് എന്ന് നാം കണ്ടതാണ്. ഇപ്രകാരം പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആരാധനാക്രമത്തിലെ ഭാഗഭാഗിത്വത്തിലേക്ക് കടന്നുവരുവാൻ വിശ്വാസികൾ തീവ്രമായി അഭിലഷിക്കുന്നുണ്ട്. എന്നാൽ വിശ്വാസികളുടെ ഈ ആഗ്രഹത്തിനും അവകാശത്തിനും പുല്ലുവില കൽപ്പിക്കാതെ മദ്യശാലകൾ തുറന്നതിനെതിരെ വിശ്വാസിസമൂഹം ഉണരേണ്ടിയിരിക്കുന്നു.

ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധന എന്നത്, വിശ്വാസികൾ ശരിയായ ക്രൈസ്‌തവ ചൈതന്യം പാനം ചെയ്യുന്ന പ്രഥമവും ആവശ്യവുമായ ഉറവിടമാണ്. എന്നാൽ, ഇപ്രകാരം ദൈവിക ചൈതന്യം പാനം ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുകയും അതേസമയം മനുഷ്യനെയും കുടുംബങ്ങളെയും തകർച്ചയിലേക്ക് മാത്രം നയിക്കാൻ കഴിയുന്ന മദ്യം ആവോളം പാനം ചെയ്യാൻ അനുവദിക്കുകയും ചെയ്യന്നതിലൂടെ ഈ സർക്കാർ ഇവിടുത്തെ ജനങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.

ഇതിനെതിരെ സഭയും സമൂഹവും ശബ്ദമുയർത്തുക തന്നെ വേണം. ആത്മാക്കളുടെ ഇടയന്മാർ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ലങ്കിൽ, ആരാധനാജീവിതത്തിന്റെ പ്രാധാന്യം സമൂഹമധ്യത്തിൽ വിലകുറച്ചു ചിത്രീകരിക്കപ്പെടുന്നതിനു മാതമേ അത് ഉപകരിക്കൂ. സ്വന്തം അജഗണത്തെ ആത്മീയ ഉപദേശങ്ങൾകൊണ്ടു നയിക്കുക മാത്രമല്ല, സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ടും ഇടയന്മാർ മാതൃക കാട്ടേണ്ടിയിരിക്കുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 7