News - 2025

പാപ്പയ്ക്കു സൗഖ്യാശംസകള്‍ അറിയിച്ച് കുട്ടികള്‍: പീഡിയാട്രിക് വിഭാഗത്തില്‍ സന്ദര്‍ശനം നടത്തി പാപ്പയുടെ സാന്ത്വനം

പ്രവാചകശബ്ദം 14-07-2021 - Wednesday

വത്തിക്കാന്‍ സിറ്റി: കുടല്‍ ശസ്ത്രക്രിയയെ തുടര്‍ന്നു ആശുപത്രിയില്‍ വിശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പക്ക് സൗഖ്യാശംസകള്‍ അറിയിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍. പീഡിയാട്രിക് ഓങ്കോളജി, ന്യൂറോ സര്‍ജറി വാര്‍ഡുകളിലെ കുട്ടികളാണ് സ്വന്തം കൈപ്പടയില്‍ എഴുതിയ സൗഖ്യാശംസകള്‍ പാപ്പയ്ക്കു കൈമാറിയതെന്ന് വത്തിക്കാന്‍ അറിയിച്ചു. ജെമെല്ലി പോളിക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളും പാപ്പക്ക് ആശംസാ കാര്‍ഡ് അയച്ചു. ജെമെല്ലി പോളിക്ലിനിക്കിലെ കുട്ടികള്‍ അയച്ച ഒരു സൗഖ്യാശംസ കാര്‍ഡില്‍ ഉള്ളത് ഇങ്ങനെയാണ്- “പ്രിയ പാപ്പ, അങ്ങേക്ക് സുഖമില്ലെന്നും, ഞങ്ങള്‍ കിടക്കുന്ന അതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണെന്നും ഞങ്ങള്‍ക്കറിയാം. പരസ്പരം കാണുവാന്‍ കഴിയില്ലെങ്കിലും, ഞങ്ങളുടെ ആലിംഗനം അങ്ങേക്കയക്കുന്നു. അങ്ങ് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുമെന്നാണ് ഞങ്ങളുടെ ആഗ്രഹം”.

ഇന്നലെ ജൂലൈ 13ന് റോമിലെ ജെമെല്ലി ഹോസ്പിറ്റലിന്റെ പത്താം നിലയിലുള്ള പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിലേക്ക് പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. കുട്ടികളെ ആശീര്‍വ്വദിച്ച പാപ്പ മാതാപിതാക്കളുമായി ചെറിയ കുശലാന്വേഷണവും നടത്തി.കുഞ്ഞുങ്ങള്‍ക്ക് പ്രാര്‍ത്ഥനയും സൗഖ്യാശംസയും നേര്‍ന്നു. ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വന്‍കുടലിന്റെ ഭിത്തിയില്‍ മുഴകളുണ്ടാകുന്ന അസുഖത്തിനായി ജെമെല്ലി ആശുപത്രിയില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. പത്തംഗ മെഡിക്കല്‍ സംഘമാണ് പാപ്പയുടെ ശസ്ത്രക്രിയ നടത്തിയത്. പാപ്പക്ക് 7 ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നു നേരത്തെ അറിയിച്ചിരിന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തങ്ങേണ്ടി വരുമെന്നാണ് ഞായറാഴ്ച വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പാപ്പ പ്രതീക്ഷിച്ച പോലെ സുഖം പ്രാപിച്ചു വരികയാണെന്നും, അദ്ദേഹത്തിന്റെ രക്തപരിശോധനാ ഫലങ്ങള്‍ തൃപ്തികരമാണെന്നും ബുള്ളറ്റിനില്‍ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ജെമെല്ലി ആശുപത്രിയില്‍ നിന്നുകൊണ്ടാണ് ത്രികാലജപ പ്രാര്‍ത്ഥനക്ക് പാപ്പ നേതൃത്വം നല്‍കിയത്.


Related Articles »