News

ഈസ്റ്റര്‍ ആക്രമണം: അന്വേഷണത്തിലെ മെല്ലപ്പോക്കിനെതിരെ ശ്രീലങ്കന്‍ ക്രിസ്ത്യന്‍ നേതാക്കള്‍; പ്രസിഡന്റിന് കത്തയച്ചു

പ്രവാചകശബ്ദം 15-07-2021 - Thursday

കൊളംബോ: രണ്ടു വര്‍ഷം മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഇസ്ളാമിക ഭീകരര്‍ നടത്തിയ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലുള്ള മെല്ലെപ്പോക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. ഇക്കാര്യം സൂചിപ്പിച്ചുക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റിന് കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കത്തയച്ചു. ഔദ്യോഗിക അന്വേഷണത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് പ്രാവര്‍ത്തികമാക്കിയില്ലായെന്ന് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് ഉള്‍പ്പെടെ നിരവധി മെത്രാന്മാരും മുപ്പതോളം വൈദികരും സംയുക്തമായി ഒപ്പിട്ട കത്തില്‍ ചോദ്യമുയര്‍ത്തി.

നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം ആക്രമണങ്ങള്‍ക്ക് സഹായകരമായെന്നും, ആക്രമണം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കുറ്റമാരോപിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മതിയായ തെളിവില്ലെന്ന കാരണത്താല്‍ അറസ്റ്റിലായ ഏഴു പേരില്‍ അഞ്ചുപേരെ വെറുതെ വിടുകയുണ്ടായി. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുണ്ടായിരുന്നെന്നാണ് കര്‍ദ്ദിനാള്‍ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആരോപിക്കുന്നത്. ആക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംശയിക്കപ്പെടുന്ന 42 പേരും നിയമത്തിന്റെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുമോ എന്ന ആശങ്കയും കത്ത് മുന്നോട്ടുവെക്കുന്നുണ്ട്.

വലിയ ഗൂഡാലോചനയുടെ ഭാഗമാണ് ബോംബാക്രമണങ്ങളെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയ ക്രിസ്തീയ നേതൃത്വം ആക്രമണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും, അന്വേഷണത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തൃപ്തികരമായ രീതിയില്‍ സത്യവും നീതിയും ഉറപ്പാക്കിയില്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയുള്ള പ്രതിഷേധങ്ങള്‍ക്ക് തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന മുന്നറിപ്പും ക്രിസ്ത്യന്‍ നേതാക്കള്‍ നല്‍കുന്നുണ്ട്. പ്രതിഷേധത്തിനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന്‍ കത്തില്‍ പറയുന്നില്ലെങ്കിലും തെരുവ് പ്രതിഷേധങ്ങളുടെ സാധ്യതകളെക്കുറിച്ച് കര്‍ദ്ദിനാള്‍ മാല്‍ക്കം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. . നാഷണല്‍ തൗഹീത്ത് ജമാഅത്ത് ഉള്‍പ്പെടെയുള്ള ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദി സംഘടനകളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.

ഈ വര്‍ഷം ഫെബ്രുവരി 21ന് പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അന്നത്തെ പ്രസിഡന്റായിരുന്ന മൈത്രിപാല സിരിസേന കുറ്റകരമായ അനാസ്ഥ കാണിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ആരോപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ല. സ്‌ഫോടന പരമ്പരക്കേസില്‍ മുസ്ലിം നേതാവും ഓള്‍ സിലോണ്‍ മക്കള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീന്‍, സഹോദരന്‍ റിയാജ് ബദിയുദ്ധീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. ഇതില്‍ റിഷാദ് ബദിയുദ്ധീനു കേരളവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു കേരളത്തിലും അന്വേഷണം നടക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »