India - 2025
ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ തീര്‍ത്ഥാടനം ഭക്തിസാന്ദ്രം
പ്രവാചകശബ്ദം 15-07-2024 - Monday
തിരുവനന്തപുരം: ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുന്നാട്ടിൽനിന്നും മറ്റ് പല സ്ഥലങ്ങളിൽനിന്നും യാത്രപുറപ്പെട്ട തീർഥാടക സംഘങ്ങൾ ഇന്നലെ വൈകുന്നേരം അഞ്ചിന് കബറിടത്തിൽ എത്തി. റാന്നി പെരുന്നാട്ടിൽ നിന്നുള്ള പ്രധാന പദയാത്ര സംഘത്തിനു കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി.
ആദ്യാവസാനം പദയാത്രയിൽ പങ്കെടുത്ത കാതോലിക്കാബാവായോടൊപ്പം ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ തോമസ് മാർ അന്തോണിയോസ്, സാമുവേൽ മാർ ഐറേനിയോസ്, മാത്യൂസ് മാർ പക്കോമിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ആന്റണി മാർ സിൽവാനോസ് എന്നിവർ പങ്കുചേർന്നു. മാർത്താണ്ഡം, പാറശാല ഭദ്രാസനങ്ങളിൽ നിന്നെത്തിയ പദയാത്രകളിൽ ബിഷപ്പുമാരായ വിൻസെന്റ് മാർ പൗലോസും തോമസ് മാർ യൗസേബിയോസും പങ്കെടുത്തു. ജന്മ ഗൃഹമായ മാവേലിക്കരയിൽനിന്നു പുറപ്പെട്ട പദയാത്രയ്ക്ക് ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് നേതൃത്വം നൽകി.
ഇതാദ്യമായി ഗൾഫ് രാജ്യങ്ങളിലുള്ള വിവിധ മലങ്കര കത്തോലിക്കാ സമൂഹങ്ങളിൽനിന്ന് കുവൈറ്റ് മലങ്കര കാത്തലിക് മൂവ്‌മെൻ്റിൻ്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന തീർത്ഥാടകർ പ്രധാന പദയാത്രയോടൊപ്പം ചേർന്നു. ഗൾഫ് രാജ്യങ്ങളിലെ കോ-ഓർഡിനേറ്റർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി. കബറിടത്തിൽ തീർത്ഥാടകരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. സന്ധ്യാ നമസ്‌കാരത്തിനു ശേഷം കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം നടന്നു.