India - 2025

ന്യൂനപക്ഷക്ഷേമ നിയമം: കോടതിയലക്ഷ്യ നടപടികള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസ്

പ്രവാചകശബ്ദം 21-07-2021 - Wednesday

കോട്ടയം: കേരള ന്യൂനപക്ഷക്ഷേമനിയമം പൂര്‍ണമായും നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ കമ്മിറ്റി. കേരള ന്യൂനപക്ഷക്ഷേമ നിയമത്തിലെ വകുപ്പ് ഒന്‍പതു കെ പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റ് പി.പി. ജോസഫ് നല്‍കിയ റിട്ട് പെറ്റീഷന്‍ ഹൈക്കോടതി ജനുവരി ഏഴിനു തീര്‍പ്പാക്കിയതാണ്. ഈ ഉത്തരവിന്‍ പ്രകാരം നാലു മാസത്തിനകം മൈനോരിറ്റി ആക്ടിലെ വകുപ്പ് ഒന്‍പതു കെ പൂര്‍ണമായും നടപ്പാക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നതുമാണ്. ഏഴുമാസമായിട്ടും ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്നാണു കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകാന്‍ കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചതെന്ന് പി.പി. ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ മാത്രമല്ല, ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട കോച്ചിംഗ് സെന്റര്‍, തൊഴില്‍ പരിശീലന കേന്ദ്രം, വിവിധ പെന്‍ഷനുകള്‍, ഭവനനിര്‍മാണം എന്നിവയുടെ കാര്യത്തിലും ജനസംഖ്യാ ആനുപാതികമായി വിതരണം നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. വിധി ഉടന്‍ നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിക്കും നോട്ടീസ് അയച്ച് കൈപ്പറ്റിയിട്ടും നിയമം നടപ്പില്‍ വരുത്താത്തത് കുറ്റകരകമാണെന്നും പി.പി. ജോസഫ് പറഞ്ഞു.


Related Articles »