News

കുട്ടികളെ മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നതു തടയുന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത് പാക്ക് മതകാര്യ മന്ത്രി

പ്രവാചകശബ്ദം 22-07-2021 - Thursday

ലാഹോര്‍: മതപരിവര്‍ത്തനത്തിനുള്ള ചുരുങ്ങിയ പ്രായമായി പതിനെട്ടു വയസ്സ് നിശ്ചയിക്കുവാനുള്ള നിര്‍ദ്ദേശത്തെ എതിര്‍ത്തു പാക്കിസ്ഥാനിലെ മതകാര്യ മന്ത്രാലയം. പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ മതപരിവര്‍ത്തനത്തിനു വിലക്കേര്‍പ്പെടുത്തുന്നതിനെ താന്‍ പിന്തുണക്കുന്നില്ലെന്ന് സെനറ്റിന്റെ മതന്യൂനപക്ഷാവകാശങ്ങളുടെ പാര്‍ലമെന്ററി കമ്മീഷന്റെ ഒരു യോഗത്തിനിടയില്‍ പാക്കിസ്ഥാന്‍ മതകാര്യമന്ത്രി നൂറുല്‍ ഹഖ് ക്വാദ്രി പറഞ്ഞെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനുള്ള കുറഞ്ഞ പ്രായം സംബന്ധിച്ച വിഷയവും യോഗത്തിന്റെ ചര്‍ച്ചാവിഷയമായിരുന്നു. ഈ വിഷയം ‘ഇസ്ലാമിക് ഐഡിയോളജി’ എന്ന ഉപദേശക സമിതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണ്. എന്നാല്‍ പ്രായവും മതപരിവര്‍ത്തനവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നത്.

രാജ്യത്തു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാകുന്നവരില്‍ ഏറെയും ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അവരെ മതം മാറ്റിയ നൂറുകണക്കിന് സംഭവങ്ങള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയായ ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടെന്നു ‘സെന്റര്‍ ഫോര്‍ ലീഗല്‍ എയിഡ് അസിസ്റ്റന്‍സ് & സെറ്റില്‍മെന്റ്’ (ക്ലാസ്) എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറായ നസീര്‍ സയീദ്‌ പ്രസ്താവിച്ചു. മതപരിവര്‍ത്തനത്തിനുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 18 വയസ്സ് നിശ്ചയിക്കുന്നത് വളരെ നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാക്കിയ രണ്ടു ഡസനിലധികം സംഭവങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്ന്‍ പറഞ്ഞ സയീദ്‌, പെണ്‍കുട്ടികളില്‍ തൊണ്ണൂറു ശതമാനവും 16 വയസ്സിനു താഴെയുള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകല്‍ കേസുകളെ മതപരിവര്‍ത്തന കേസുകളായി പരിവര്‍ത്തനം ചെയ്യുകയാണ് പോലീസിന്റെ പതിവെന്നും, തട്ടിക്കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടികള്‍ കൈകൊള്ളുന്നതിന് പകരം, പെണ്‍കുട്ടി സ്വന്തം ഇഷ്ട്രപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്ന സാക്ഷ്യപത്രം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നല്‍കി ഇതെല്ലാം നിയമപരമാണെന്നും തങ്ങള്‍ക്കിതില്‍ യാതൊന്നും ചെയ്യുവാനില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പോലീസ് ചെയ്യുന്നതെന്നും സയീദ്‌ പറയുന്നു.

രാഷ്ട്രത്തിന് തന്നെ കളങ്കം വരുത്തിക്കൊണ്ട് പാക്ക് ജഡ്ജിമാര്‍ രാഷ്ട്ര, അന്താരാഷ്ട്ര നിയമങ്ങളെ അവഗണിക്കുകയാണെന്നും ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണെന്നും, സയീദ്‌ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മതന്യൂനപക്ഷാവകാശങ്ങളുടെ സെനറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 18 വയസ്സ് മതപരിവര്‍ത്തനത്തിനുള്ള ചുരുങ്ങിയ പ്രായമായി നിശ്ചയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. തട്ടിക്കൊണ്ടുപോകലും, നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും തടയുന്നതിന് 18 വയസ്സ് നിശ്ചയിക്കുന്നത് സഹായകമാവുമെന്ന്‍ തന്നെയാണ് ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന നിരീക്ഷണവും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »