News - 2025

ബെയ്റൂട്ട് സ്ഫോടനത്തിന് ഒരാണ്ട്: പതിനായിരങ്ങളുടെ കണ്ണീരൊപ്പി സഹായം നല്‍കിയത് ക്രൈസ്തവ സംഘടന

പ്രവാചകശബ്ദം 25-07-2021 - Sunday

ബെയ്റൂട്ട്: ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വിനാശകരമായ സ്ഫോടനത്തിന് ഒരു വര്‍ഷം ആകാനിരിക്കെ ദുരിതബാധിതരായ പതിനായിരങ്ങളുടെ കണ്ണീരൊപ്പിയത് ക്രൈസ്തവ സംഘടന. കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ് ലെബനോനാണ് നിസ്തുലമായ സഹായം തുടര്‍ന്നുക്കൊണ്ടിരിക്കുന്നത്. സ്ഫോടനത്തിന്റെ തൊട്ടടുത്ത മാസം തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി 17,213 ഭക്ഷണ പൊതികളും, 4,020 ശുചിത്വപരിപാലന കിറ്റുകളുമാണ് കാരിത്താസ് വിതരണം ചെയ്തത്. ഏതാണ്ട് 1,624,958 പേര്‍ക്കാണ് കാരിത്താസിന്റെ സഹായം ഇതിനോടകം ലഭിച്ചത്.

ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, അവശ്യസാധനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വഴി കാരിത്താസിന്റെ സഹായം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഏജന്‍സിയ ഫിദെസിനയച്ച വാര്‍ത്താക്കുറിപ്പില്‍ കാരിത്താസ് വ്യക്തമാക്കി. 2020 ഓഗസ്റ്റ് 4-ന് തുറമുഖ നഗരമായ ബെയ്റൂട്ടില്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചുണ്ടായ വന്‍സ്ഫോടനത്തില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടതിനു പുറമേ, 7500 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 300 ഓളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരിന്നു. സ്ഫോടനത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലെബനീസ് ജനതക്കിടയില്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സന്നദ്ധ സംഘടനകളും സ്തുത്യര്‍ഹമായ സഹായം നല്‍കിവരുന്നുണ്ട്.


Related Articles »