News - 2024

പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാതാവിന്റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ച് മൂന്നാം വര്‍ഷവും പ്രത്യേക ശുശ്രൂഷകള്‍ നടന്നു

സ്വന്തം ലേഖകന്‍ 14-06-2016 - Tuesday

ബെയ്‌റൂട്ട്: ലബനോനേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളേയും ദൈവമാതാവിന്റെ വിമല ഹൃദയത്തിനു മുന്നില്‍ സമര്‍പ്പിച്ച് മറോണൈറ്റ് സഭയുടെ പാത്രീയാര്‍ക്കീസ് കര്‍ദിനാള്‍ ബെചാറ റയ് പ്രാര്‍ത്ഥനകള്‍ നടത്തി. ഹരീസയിലുള്ള 'ഔര്‍ ലേഡി ഓഫ് ലബനോനില്‍' ആയിരുന്നു പ്രത്യേക പ്രാര്‍ത്ഥനകളും നൊവേനകളും നടന്നത്. പുത്രനായ ദൈവകുമാരനോട് രാജ്യങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണം എന്ന് പ്രത്യേകം മധ്യസ്ഥത അണച്ച പാത്രീയാര്‍ക്കീസ് ദൈവത്തിന്റെ കരുണയാല്‍ ദേശത്തുനിന്നും തിന്മയുടെ ശക്തികള്‍ നീങ്ങിപോകട്ടേ എന്നും പ്രാര്‍ത്ഥിച്ചു. മരണവും, യുദ്ധവും, മറ്റ് പല തിന്മകളുടെ ശക്തിയും പശ്ചിമേഷ്യന്‍ രാജ്യങ്ങലിൽ നിന്നും മാറുന്നതിനായിട്ടാണ് മാതാവിനോട് പ്രത്യേകം മാധ്യസ്ഥം അണച്ച് പാത്രീയാര്‍ക്കീസ് പ്രാര്‍ത്ഥന നടത്തിയത്. ഇതു മൂന്നാം വര്‍ഷമാണ് സമാനമായ രീതിയില്‍ മാതാവിന്റെ വിമല ഹൃദയത്തിനു മുന്നില്‍ ലബനോനേയും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളേയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്.

ചടങ്ങുകള്‍ക്കു മുന്നോടിയായി സിറിയന്‍ കാത്തലിക്ക് പാത്രീയാര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. ലബനോനിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷോ ആയ ഗബ്രിയേല്‍ കാക്കിയയും ചടങ്ങുകളില്‍ പങ്കെടുത്തു. വൈദികരുടെയും കന്യാസ്ത്രീകളുടെയും വലിയ നിരയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. പ്രാര്‍ത്ഥനകളിലൂടെയും പശ്ചാത്താപത്തിലൂടെയും ദൈവത്തില്‍ നിന്നും നാം പാപങ്ങളില്‍ നിന്നുള്ള മോചനം നേടണമെന്ന് പാത്രീയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

2012 ഒക്ടോബറില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുവാന്‍ വത്തിക്കാനില്‍ ഒരു പ്രത്യേക സിനഡ് കൂടിയിരുന്നു. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ നേതൃത്വം നല്‍കിയ സിനഡില്‍ ആണ് മാതാവിന്റെ വിമല ഹൃദയത്തിനു മുന്നില്‍ രാജ്യങ്ങളെ സമര്‍പ്പിച്ച് മധ്യസ്ഥത നടത്തണമെന്ന തീരുമാനം എടുത്തത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റഷ്യയെ ഇത്തരത്തില്‍ മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നു. മൂന്നു തവണയായിട്ടാണ് ഇത്തരത്തില്‍ പ്രാര്‍ത്ഥനകള്‍ നടന്നത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലബനോനില്‍ നടന്ന ചടങ്ങുകളുടെ ഭാഗമായി, മൂന്നു മാതാവിന്റെ ദേവാലയങ്ങളില്‍ നിന്നും പ്രദിക്ഷിണവും പ്രത്യേക നൊവേനകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. ഫാമിലി ലീഗ് ഓഫ് മരിയന്‍ കമ്യൂണിറ്റി, സിസ്റ്റേഴ്‌സ് ഓഫ് ദ ഹേര്‍ട്ട് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രാര്‍ത്ഥനകള്‍ എല്ലാ വര്‍ഷവും നടത്തപ്പെട്ടത്. തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നവും അഭയാര്‍ത്ഥികളാക്കപ്പെടുന്നവരുടെ പ്രശ്‌നവും ഉള്‍പ്പെടെ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രാജ്യങ്ങളെ ആണ് മാതാവിന്റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരിക്കുന്നത്.


Related Articles »