News - 2025
സ്‌കോട്ട്‌ലാന്റില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വൈദികനു നേരെ അജ്ഞാതന്റെ ആക്രമണം
പ്രവാചകശബ്ദം 28-07-2021 - Wednesday
എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലാന്റിന്റെ തലസ്ഥാന നഗരമായ എഡിന്‍ബര്‍ഗിലെ യോര്‍ക്ക് പ്ലേസിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുക്കൊണ്ടിരിന്ന കത്തോലിക്കാ വൈദികനു നേരെ അജ്ഞാതന്റെ ആക്രമണം. ദേവാലയത്തിനുള്ളില്‍ തനിച്ചിരുന്ന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന വൈദികനെയാണ് അജ്ഞാതന്‍ ചില്ലുകുപ്പിക്കൊണ്ട് അടിക്കുവാന്‍ ശ്രമിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വൈദികനെ സമീപിച്ച അക്രമി താങ്കള്‍ വൈദികനാണോ? എന്ന് ചോദിക്കുകയും, വൈദികന്‍ ‘അതേ’ എന്ന് ഉത്തരം നല്‍കിയപ്പോള്‍ കയ്യിലിരുന്ന ചില്ല് കുപ്പി കൊണ്ട് വൈദികന്റെ തല ലക്ഷ്യമാക്കി അടിക്കുകയുമായിരുന്നെന്നു സെന്റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബര്‍ഗ് അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു. അടിയുടെ ആഘാതത്തില്‍ കുപ്പി പൊട്ടിച്ചിതറിയെങ്കിലും കുപ്പികഷണം കൊണ്ട് അജ്ഞാതന്‍ തന്റെ ആക്രമണം തുടര്‍ന്നുവെന്നും രൂപത വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് സ്‌കോട്ട്‌ലന്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുപ്പത്തിയഞ്ചുകാരനായ ഫാ. ജെയിംസ് മക്മോറിനാണ് ആക്രമണത്തിനിരയായത്. അപ്രതീക്ഷിത ആക്രമണത്തില്‍ പതറിപ്പോയെങ്കിലും വൈദികന്‍ കസേരകൊണ്ട് പ്രതിരോധം തീര്‍ത്താണ് സ്വന്തം ജീവന്‍ രക്ഷിച്ചത്. തലനാരിഴക്കാണ് വൈദികന്‍ രക്ഷപ്പെട്ടതെന്നു സ്കോട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് ശേഷം പ്രതി കത്തീഡ്രലില്‍ നിന്നും ഓടിരക്ഷപ്പെട്ടു. വൈദികനെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഭീതിജനകവും, തികച്ചു അസ്വീകാര്യവുമായ സംഭവം” എന്ന്‍ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വിന്നി ട്വീറ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ അക്രമത്തിനിരയായ വൈദികനെ സന്ദര്‍ശിച്ചു മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്നും മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക