News - 2025

കോൺവേർസ് കമ്പനി സാത്താനിക മുദ്രയുളള ഷൂസ് പുറത്തിറക്കി: ബഹിഷ്‌കരണവും പ്രതിഷേധവുമായി വിശ്വാസികൾ

പ്രവാചക ശബ്ദം 03-08-2021 - Tuesday

പെന്റഗ്രാം എന്ന സാത്താനിക മുദ്ര പതിച്ച ഷൂസുകൾ പുറത്തിറക്കിയ അമേരിക്കൻ കമ്പനിയായ കോൺവേർസിനെതിരെ പ്രതിഷേധം കനക്കുന്നു. ഫാഷൻ ഡിസൈനറായ റിക്ക് ഓവൻസുമായി ചേർന്നാണ് കോൺവേർസ് പെന്റഗ്രാം പതിച്ച ഷൂസുകൾ പുറത്തിറക്കിയിരിക്കുന്നത്. ഓവൻസിന്റെ ബ്രാൻഡ് ലോഗോയും പെന്റഗ്രാമാണ്. അതേസമയം തങ്ങളുടെ പുതിയ ഷൂസുകൾ പരിചയപ്പെടുത്തിക്കൊണ്ട് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴിൽ നിരവധി ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കോൺവേർസിന്റെ സ്ഥിരം ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചവരിൽ ഉൾപ്പെടുന്നു.

"ഇത് വിഷമകരമാണ്. കോൺവേർസ് ഷൂസുകൾ ധരിച്ചാണ് വളർന്നുവന്നത്. എന്നാൽ ഷൂസുകളിലൂടെ സാത്താന് നൽകുന്ന പ്രചാരണം കണ്ടപ്പോൾ ഇനി ഇത് വാങ്ങില്ല എന്ന് തീരുമാനമെടുത്തു. ദൈവം നിങ്ങളെ സഹായിക്കട്ടെ," - ഒരു ഉപഭോക്താവിന്റെ കമന്റ് ഇപ്രകാരമായിരുന്നു. കമ്പനിയുടെ യഥാർത്ഥ മുഖം എന്താണെന്ന് വെളിപ്പെടുത്തിയതിന് നന്ദിയെന്നും, ഇനി ഒരിക്കലും കോൺവേർസ് ഷൂസുകൾ വാങ്ങില്ലായെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം പൈശാചികതയുമായി ബന്ധമുള്ളതിനാലാണ് താൻ ഒരുപാട് നാളായി പെന്റഗ്രാം ഉപയോഗിക്കുന്നതെന്ന് റിക്ക് ഓവൻസ് തുറന്ന് സമ്മതിക്കുന്ന ഒരു കുറിപ്പും കോൺവേർസ് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വർഷമാദ്യം പ്രമുഖ ബ്രാന്‍ഡായ ‘നൈക്കി’യുടെ മുദ്രയോട് കൂടി എയർ മാക്സ് 97 എന്ന ഷൂസിന്റെ ഇരുവശങ്ങളിൽ രക്തം നിറച്ച്, പെന്റഗ്രാം മുദ്രയോടുകൂടി എം‌എസ്‌സി‌എച്ച്‌എഫ് എന്ന കമ്പനി "സാത്താൻ ഷൂസ്" പുറത്തിറക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. റാപ്പറായ ലിൻ നാസ് എക്സുമായി ചേർന്നാണ് സാത്താൻ ഷൂസ് എം‌എസ്‌സി‌എച്ച്‌എഫ് പുറത്തിറക്കിയത്. എന്നാൽ ഇതിന് തങ്ങളുമായി ബന്ധമില്ലെന്ന വാദവുമായി നൈക്കി പിന്നീട് രംഗത്തുവന്നിരുന്നു.


Related Articles »