Life In Christ - 2024

'ക്രിസ്ത്യാനിയെന്ന നിലയില്‍ ക്രിസ്തുവിന്റെ പ്രതിച്ഛായയില്‍ ജീവിക്കുകയാണ് ലക്ഷ്യം': റെക്കോര്‍ഡ് സ്വര്‍ണ്ണ നേട്ടം കര്‍ത്താവിന് സമര്‍പ്പിച്ച് അമേരിക്കന്‍ താരം അതിങ് മു

പ്രവാചകശബ്ദം 08-08-2021 - Sunday

ടോക്കിയോ: ട്രാക്കിലും ജീവിതത്തിലും ക്രിസ്തുവിനെ മുന്‍നിറുത്തി പോരാടിയ പത്തൊന്‍പതുകാരിയായ അമേരിക്കന്‍ കായികതാരത്തിന് വനിതകളുടെ 800 മീറ്ററില്‍ അമേരിക്കന്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം. 1 മിനിറ്റും 55.22 സെക്കന്‍ഡുകളും എടുത്താണ് ന്യൂ ജേഴ്സിയില്‍ താമസിക്കുന്ന സുഡാന്‍ വംശജയായ അതിങ് മു 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയത്. തന്റെ ചരിത്രപരമായ വിജയത്തിന് ശേഷം സമൂഹമാധ്യമത്തിലൂടെ മു ദൈവത്തിനു നന്ദി പറഞ്ഞു. തനിക്ക് വേണ്ടി ദൈവമാണ് പോരാടിയതെന്നും ദൈവത്തിനു നന്ദി പറയുന്നുവെന്നുമാണ് ‘മു’ വിന്റെ ട്വീറ്റില്‍ പറയുന്നത്. തന്റെ ക്രിസ്തു വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞിട്ടുള്ള താരമാണ് അതിങ്. “ദൈവത്തോടടുക്കുന്നതിനും ദൈവവുമായി ബന്ധപ്പെടുന്നതിനും ക്രിസ്തുവിന്റെ അനുയായിയെന്ന നിലയില്‍ ക്രിസ്തുവിന്റെ പ്രതിച്ഛായയില്‍ ജീവിക്കുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യ”മെന്നു ജൂണില്‍ ടെക്സാസിലെ എ & എം കാംപസ് വാര്‍ത്താപത്രമായ ദി ബറ്റാലിയന് നല്‍കിയ അഭിമുഖത്തില്‍ മു പറഞ്ഞിരിന്നു.

“കര്‍ത്താവ് നിന്നെ ജനതകളുടെ നേതാവാക്കും. നീ ആരുടേയും ആജ്ഞാനുവര്‍ത്തി ആയിരിക്കില്ല, ഇന്ന്‍ ഞാന്‍ നിനക്ക് നല്‍കുന്ന നമ്മുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പ്പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വ്വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതി ഉണ്ടാവില്ല” (നിയമാവര്‍ത്തനം 28:13) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ദൈവം നമുക്ക് അനുഗ്രഹങ്ങള്‍ ചൊരിയുമ്പോഴാണ് നാം ദൈവത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നതെന്നും, ചില ലക്ഷ്യങ്ങളോടെയാണ് ദൈവം നമുക്ക് അനുഗ്രഹങ്ങള്‍ തരുന്നതെന്നും, ഇക്കാര്യത്തില്‍ എപ്പോഴും മുകളിലായിരിക്കുക എന്നതാണ് ദൈവത്തിന്റെ ഉദ്ദേശമെന്നും മു പറഞ്ഞു.

“ദൈവത്തിനു നന്ദി പറയുക മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്. ദൈവമില്ലായിരുന്നെങ്കില്‍ ഈ സീസണിലെ ഇതുവരെയുള്ള നേട്ടങ്ങളൊന്നും എനിക്ക് ലഭിക്കുമായിരുന്നില്ല” ഒളിമ്പിക്സ് വിജയത്തിന് മുന്നേ തന്നെ ‘വിമന്‍സ്റണ്ണിംഗ്.കോം’ന് നല്‍കിയ അഭിമുഖത്തില്‍ മു പറഞ്ഞു. ഒരു കോളേജ് അത്ലറ്റ് എന്ന നിലയില്‍ തന്റെ നേട്ടങ്ങളുടെ പിന്നില്‍ ദൈവം നല്‍കിയ ആത്മവിശ്വാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മു വെറുമൊരു ഓട്ടക്കാരി മാത്രമല്ല ദൈവം നല്‍കിയ കഴിവുകളുടെ ഉടമ കൂടിയാണെന്നും, എപ്പോഴും സന്തോഷം നിറഞ്ഞ അവളില്‍ ദൈവത്തോടടുത്ത ഒരു ഹൃദയമുണ്ടെന്നും കോളേജിലെ അവളുടെ മുതിര്‍ന്ന ടീമംഗമായ ജീന്‍ ജെന്‍കിന്‍സ് ബറ്റാലിയനോട് പറഞ്ഞു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ‘മു’ വിന് 19 വയസ്സ് തികഞ്ഞത്. 1968-ലെ മെക്സിക്കോ സിറ്റി ഒളിമ്പിക്സില്‍ മഡലിന്‍ മാന്നിംഗിന്റെ വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ വനിത 800 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്നതെന്നത് ശ്രദ്ധേയമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »