News

താലിബാന്റെ ഭീകരത വ്യാപിക്കുന്നു: ഭാവി എന്താകുമെന്ന ആശങ്കയിൽ അഫ്ഗാനിലെ ക്രൈസ്തവർ

പ്രവാചകശബ്ദം 13-08-2021 - Friday

കാബൂള്‍/കാണ്ഡഹാർ: അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെ താലിബാൻ ഭീകരർ സുപ്രധാന പ്രദേശങ്ങൾ കീഴടക്കുന്നത് രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. അമേരിക്കൻ സൈനികരുടെ പിന്മാറ്റം വലിയൊരു അരക്ഷിതാവസ്ഥയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ മുന്നേറ്റത്തെ തടയുന്നതിൽ അഫ്ഗാൻ സൈനികർ പരാജയപ്പെടുന്ന സാഹചര്യം ഉടലെടുത്തതോടെ ആഭ്യന്തര യുദ്ധത്തിലേക്കാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ്. നിലവില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവർ രഹസ്യമായിട്ടാണ് ആരാധനയ്ക്കായി ഒരുമിച്ച് കൂടാറുള്ളത്. രാജ്യത്തുള്ള ഏക കത്തോലിക്കാ ദേവാലയം ഇറ്റാലിയൻ എംബസിക്കുളളിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്.

കോവിഡ് വ്യാപന ഭീഷണിയെത്തുടർന്ന് അതും അടച്ചിട്ടിരിക്കുകയായിരുന്നു. പരസ്യമായുള്ള സുവിശേഷപ്രഘോഷണവും, ക്രൈസ്തവവിശ്വാസത്തിലേക്കുള്ള മതപരിവർത്തനവും 2004ലെ നിയമനിർമാണത്തിലൂടെ അഫ്ഗാൻ സർക്കാർ നിരോധിച്ചതിനെ തുടർന്നു ക്രൈസ്തവരുടെ ജീവിതം കൂടുതൽ ക്ലേശകരമായിരിന്നു. അതിനു മുന്‍പും നിരവധി പ്രതിസന്ധികൾ ക്രൈസ്തവർ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണം താലിബാന്റെ കൈയിൽ ആയാൽ ക്രൈസ്തവരുടെ അവസ്ഥ അതിഭീകരമായ അവസ്ഥയിലേക്ക് മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിന് വിധേയമാക്കുന്നത് ഉള്‍പ്പെടെ നിരവധി പൈശാചിക ഇടപെടലുകളാണ് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സാധാരണക്കാരുടെ അവകാശങ്ങൾ ഹനിച്ചും രാജ്യത്തിന്റെ സന്തുലിതാവസ്ഥയ്ക്കു വലിയ പ്രഹരമേല്‍പ്പിച്ചും കൊണ്ടുള്ള താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രൂക്ഷമായ വിധത്തില്‍ വ്യാപിക്കുകയാണ്. അതേസമയം അഫ്‌ഗാനിസ്ഥാന്റെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയെന്ന് താലിബാൻ ഇന്നലെ വ്യക്തമാക്കിയിരിന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 99% മുസ്ലിങ്ങളാണ്. 0.3% മാത്രമാണ് രാജ്യത്തെ ക്രൈസ്തവര്‍. അതേസമയം ഓരോ വര്‍ഷവും നൂറുക്കണക്കിന് ഇസ്ലാം മതസ്ഥര്‍ രഹസ്യമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »