News

താലിബാന്‍ ഭരണത്തിന്റെ മൂന്നാം വര്‍ഷവും ക്രൈസ്തവര്‍ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി

പ്രവാചകശബ്ദം 19-08-2024 - Monday

കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്‍റെ ആധിപത്യം ഏറ്റെടുത്തതിൻ്റെ മൂന്നാം വര്‍ഷവും ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബഗ്രാം എയർഫീൽഡിൽ സൈനിക പരേഡോടെ താലിബാന്‍ തങ്ങളുടെ ആധിപത്യത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്. യുഎസ് പിന്തുണയുള്ള അഫ്ഗാനിസ്ഥാനിലെ സർക്കാർ പിന്‍വാങ്ങുകയും നേതാക്കൾ രാജ്യം വിടുകയും ചെയ്തതിനെത്തുടർന്ന് 2021 ഓഗസ്റ്റ് 15-ന് തീവ്ര ഇസ്ലാമിക സംഘടന കാബൂൾ പിടിച്ചെടുക്കുകയായിരിന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന്, വർഷങ്ങളായി അഫ്ഗാനികൾ കാത്തുസൂക്ഷിച്ചിരുന്ന വിശ്വാസപരമായ സ്വാതന്ത്ര്യം അതിവേഗം വഷളായി.

ഇസ്ലാമിക ചിന്തയില്‍ ഊന്നിയുള്ള തീവ്രമായ ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കനത്ത സമ്മർദ്ധത്തിനും വിവേചനത്തിനും ഇരകളാകുകയായിരിന്നു. ക്രൈസ്തവരുടെ വീടുകളിൽ പതിവായി റെയ്ഡുകൾ നേരിട്ടതായും യേശുവില്‍ വിശ്വസിക്കുന്നവരുടെ ജോലിക്കും കുടുംബത്തിനും നേരെ നിരന്തരം ഭീഷണികൾ നേരിടുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനയായ ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസരങ്ങളും ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ടിരിന്നു. അമേരിക്കയുടെ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം കമ്മീഷൻ (യുഎസ്‌സിഐആർഎഫ്) ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങളെ ഭയാനകമെന്നാണ് വിശേഷിപ്പിച്ചത്.

ഇസ്‌ലാമില്‍ അധിഷ്ടിതമായ കര്‍ക്കശ നിലപാട് വലിയ ദുരിതം സൃഷ്ടിക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടിയിരിന്നു. 60 വർഷമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്ന ക്രൈസ്തവ പ്രസ്ഥാനമാണ് ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷൻ. ക്രിസ്തു വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സംഘടനയില്‍ പ്രവര്‍ത്തിച്ചിരിന്ന നിരവധി പേരെ താലിബാന്‍ കഴിഞ്ഞ വര്‍ഷം തടവിലാക്കിയിരിന്നു. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി താലിബാൻ ഭരണം ഏറ്റെടുത്ത മുതൽ സംഘടന താലിബാനികളുടെ നിരീക്ഷണത്തിലായിരുന്നു. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.


Related Articles »