India - 2024

3765 പേജ് മലയാളം , 2500 പേജ് ഇംഗ്ലീഷ്: ഇരുഭാഷകളിലും സമ്പൂര്‍ണ്ണ ബൈബിള്‍ കൈയെഴുത്ത് നടത്തി സന്യാസിനി

ദീപിക 14-08-2021 - Saturday

തൃശൂര്‍: സിസ്റ്റര്‍ ദയയുടെ ജീവിതാഭിലാഷമായിരുന്നു സമ്പൂര്‍ണ ബൈബിള്‍ തന്റെ മിഴിവാര്‍ന്ന കൈയക്ഷരത്തില്‍ എഴുതുകയെന്നത്. ആറുമാസത്തിനകം ഈ സ്വപ്നം സാക്ഷാത്കരിച്ചതോടെ അടുത്ത മോഹമുദിച്ചു. ഇനി ഇംഗ്ലീഷ് ബൈബിള്‍കൂടി എഴുതിയാലോ... അതുകൂടി യാഥാര്‍ഥ്യമായതോടെ ഇരുഭാഷയിലെയും സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ ആദ്യ വ്യക്തിയായി സിസ്റ്റര്‍ ദയ സിഎച്ച്എഫ്. ഒരു മാസമായി തിരുവനന്തപുരം തിരുവല്ലം ഹോളിഫാമിലി കോണ്‍വന്റിലെ സുപ്പീരിയറാണു സിസ്റ്റര്‍. ലോക്ഡൗണ്‍ കാലത്തു ബൈബിള്‍ വായിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു അഭിലാഷം അങ്കുരിച്ചത്. സന്യാസവ്രതം സ്വീകരിച്ചതിന്റെ രജതജൂബിലി ഈ വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഉദ്യമം പൂര്‍ത്തിയാക്കണമെന്നു മനസിലുറച്ചു.

അന്നു കോവളത്തിനടുത്തു വെങ്ങാനൂര്‍ മുട്ടക്കാവ് കൃപാതീര്‍ത്ഥം ഓള്‍ഡ് ഏജ് ഹോമിലെ അസിസ്റ്റന്റ് സുപ്പീരിയറായിരുന്നു. അഗതികളായ അമ്മമാരെ പരിചരിക്കുന്ന ജോലിയെല്ലാം കഴിഞ്ഞ് രാത്രി പത്തോടെയാണു ബൈബിളെഴുത്ത് ആരംഭിക്കുക. ഇതു പുലര്‍ച്ചെ രണ്ടും മൂന്നും മണിവരെ നീളും. എന്താണെന്നറിയില്ല, യാതൊരു ക്ഷീണമോ ഉറക്കമോ വരാറില്ല. വല്ലാത്തൊരു അഭിനിവേശം. അങ്ങനെയാണു 3765 പേജുകളിലായി മലയാളം സമ്പൂര്‍ണ ബൈബിള്‍ പൂര്‍ത്തിയാക്കിയത്. പിന്നെ, ഇംഗ്ലീഷ്. ഇതിന് 2500 ഓളം പേജുകളേ വേണ്ടിവന്നുള്ളൂ. ബൈബിളിനെ കുറച്ചുകൂടി ആഴത്തില്‍ മനസിലാക്കാന്‍ ഈ പകര്‍ത്തിയെഴുത്ത് ഇടയാക്കിയെന്ന് സിസ്റ്റര്‍ പറഞ്ഞു.

മലയാളത്തില്‍ എഴുതിയ പഴയനിയമം രണ്ടു പുസ്തകമായും പുതിയ നിയമം ഒരു പുസ്തകമായുമാണ് ബൈന്‍ഡ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷാകട്ടെ പഴയ നിയമവും പുതിയ നിയമവും ഒന്നു വീതവും. എഴുതാനായി 236 പേനകള്‍ ആവശ്യമായി വന്നു. ബൈബിള്‍ കൈയെഴുത്തു പ്രതികളുടെ പ്രകാശനം ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. കോട്ടയം അയ്മനം പുലിക്കുട്ടിശേരി പായിപ്പാട്ടുതറയില്‍ വര്‍ക്കിമറിയം ദമ്പതികളുടെ ഇളയ മകളാണു സിസ്റ്റര്‍ ദയ. സഹോദരങ്ങള്‍: ബാബു, ഏലമ്മ.


Related Articles »