India - 2024

സിഎല്‍സി ഒരുക്കിയ 14 ബൈബിള്‍ കൈയെഴുത്തു പ്രതികളുടെ സമര്‍പ്പണം ഇന്ന്‌

പ്രവാചക ശബ്ദം 13-09-2020 - Sunday

തൃശൂര്‍: കോവിഡ് പ്രതിസന്ധിക്കിടെ ലോക്ക്ഡൗണിലായപ്പോള്‍ തൃശൂര്‍ അതിരൂപത സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ഫൊറോന സിഎല്‍സിയുടെ സഹകരണത്തോടെ 14 സമ്പൂര്‍ണ്ണ ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ തയാറാക്കി. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്ത ഈ ഉദ്യമത്തിന് ഓരോ ഫൊറോനായില്‍ നിന്നും 140 പേര്‍ അടങ്ങുന്ന ടീമാണു നേതൃത്വം നല്‍കിയത്. അതിരൂപതയിലെ വിവിധ ഫൊറോനകളിലായി 2500 സിഎല്‍സി പ്രവര്‍ത്തകര്‍ക്ക് ഓരോരുത്തരും എഴുതേണ്ട ഭാഗങ്ങള്‍ വിഭജിച്ചു നല്‍കി.

എഴുതുന്‌പോള്‍ ശ്രദ്ധിക്കേണ്ട പൊതു നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഭവനങ്ങളിലിരുന്ന് ഏപ്രില്‍ 26 മുതല്‍ മേയ് മൂന്നുവരെയുള്ള ഒരാഴ്ചക്കാലം കൊണ്ടാണു പകര്‍ത്തിയെഴുത്ത് പൂര്‍ത്തിയാക്കിയത്. മുപ്പതിനായിരത്തിലധികം പേപ്പറുകളാണ് ഉപയോഗിച്ചത്. എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ ഓരോ കൈയെഴുത്തുപ്രതിക്കും രണ്ടായിരം മുതല്‍ രണ്ടായിരത്തഞ്ഞൂറു വരെ പേജുകള്‍. ഇത്രയും വലിപ്പമുള്ള ഓരോ കൈയെഴുത്തു പ്രതികളുടെയും ബൈന്‍ഡിംഗ് പൂര്‍ത്തിയാക്കാനായില്ല. ലോക്ക്ഡൗണ്‍ മൂലം പ്രിന്റിംഗ് മേഖലയും അടച്ചിട്ട നിലയിലായിരുന്നു. ഇത്രയും പേജുകള്‍ ഒന്നിച്ചു ബൈന്‍ഡ് ചെയ്യാന്‍ പല അച്ചടിശാലകളും തയാറായില്ല. തുടര്‍ന്ന് കാരമുക്കില്‍ വിസ്റ്റ ഓഫ്‌സെറ്റ് പ്രസ് നടത്തുന്ന ഷാജി 14 ദിവസം കൊണ്ട് 14 ബൈബിളുകളുടെയും ബൈന്‍ഡിംഗ് പൂര്‍ത്തിയാക്കി.

ബൈബിള്‍ കൈയെഴുത്തു പ്രതികളുടെ സമര്‍പ്പണം ഇന്നു 3.30 നു തൃശൂര്‍ ബിഷപ്‌സ് ഹൗസില്‍ നടക്കും . വിവിധ ഫൊറോനാ പ്രസിഡന്റുമാര്‍ സമര്‍പ്പിക്കുന്ന ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ തൃശൂര്‍ അതിരൂപതയ്ക്കുവേണ്ടി മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ടോണി നീലങ്കാവിലും ഏറ്റുവാങ്ങും. ബൈബിള്‍ കൈയെഴുത്തു യജ്ഞത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

അതിരൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത്, പ്രസിഡന്റ് ജോമി ജോണ്‍സണ്‍, അസി. പ്രമോട്ടര്‍ ഫാ. ഫ്രാജോ വാഴപ്പിള്ളി, ഫാ. ജിക്‌സന്‍ മാളോക്കാരന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ്, കണ്‍വീനര്‍ ആഷ്മി ജോണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ജെസ്‌വിന്‍ സാജു, ഐജോ പൊറത്തൂര്‍, അനിറ്റ, നിയ, ലിമ, ശീതള്‍, സെബിന്‍ സിക്കെ, ഡില്‍ജോ തരകന്‍, ബിജില്‍ ജോസഫ്, ഡോംസണ്‍ സൈമന്‍, ജീസോ ലോനപ്പന്‍, പ്രിന്റോ, ഫെസിന്‍, അജിത് , ജെറിന്‍, ബ്രില്ലോ എന്നിവരോടൊപ്പം വിവിധ ഫൊറോന പ്രസിഡന്റുമാരും, ഫൊറോന കണ്‍വീനര്‍മാരും ബൈബിള്‍ കൈയെഴുത്തുപ്രതികള്‍ തയാറാക്കുന്നതിനു നേതൃത്വം നല്‍കി.


Related Articles »