India - 2025
ഫാ. വര്‍ഗീസ് വിനയാനന്ദ് ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
പ്രവാചകശബ്ദം 29-08-2021 - Sunday
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ഗുഡ്ഗാവ് സെന്റ് ജോണ്‍ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫാ. വര്‍ഗീസ് വിനയാനന്ദ് ഓഐസിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് ഒരു അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നുള്ള മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നിര്‍ദേശം പരിഗണിച്ചാണ് നിയമനം.
പുതിയ രൂപതാധ്യക്ഷനെ നിയമിക്കുന്നതു വരെയുള്ള കാലയളവില്‍ ഭദ്രാസനത്തിന്റെ ശുശ്രൂഷകള്‍ക്ക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം നല്‍കും. അഡ്മിനിസ്‌ട്രേറ്ററുടെ നിയമന വിവരം ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് ഗുഡ്ഗാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ ദൈവാലയത്തില്‍ ഇന്നലെ നാലിനു പ്രഖ്യാപിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റു. ബഥനി ആശ്രമത്തിലെ തിരുവനന്തപുരം നവജീവന്‍ പ്രോവിന്‍സ് അംഗമായ ഫാ. വര്‍ഗീസ് വിനയാനന്ദ് ഒഐസി 1972 ജൂലൈ 19ന് കടമ്മനിട്ട ഇടവകയിലെ വേക്കല്‍ കുടുബത്തില്‍ പരേതനായ വി.വി. വര്‍ഗീസ് ശോശാമ്മ ദമ്പതികളുടെ മകനാണ്.