India - 2025
ഗുഡ്ഗാവ് രൂപതയുടെ നിയുക്ത ബിഷപ്പ് തോമസ് മാർ അന്തോണിയോസ് 30ന് ചുമതലയേൽക്കും
14-05-2022 - Saturday
ന്യൂഡൽഹി: മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഡൽഹി രൂപതയുടെ പുതിയ ബിഷപ്പ് തോമസ് മാർ അന്തോണിയോസ് 30ന് ചുമതലയേൽക്കും. ഡൽഹി നേബ് സരായിയിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ശേഷമാകും ഗുഡ്ഗാവ് രൂപതയുടെ രണ്ടാമത്തെ സാരഥിയായി അദ്ദേഹം ചുമതലയേൽക്കുക.
ഡൽഹിയിൽ ഇന്നലെയെത്തിയ മലങ്കര കത്തോലിക്കാ സഭയുടെ പൂന രൂപതയുടെ പ്രഥമ മെത്രാനായ തോമസ് മാർ അന്തോണിയോസിന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ഗുഡ്ഗാവ് രൂപതാ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് വിനയാനന്ദ് ഒഐസി, ചാൻസലർ ഫാ ജോൺ ഫെലിക്സ് ഒഐസി, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്സ്, റെക്ടർ ഫാ. അജി തോമസ്, അത്മായ പ്രതിനിധികൾ എന്നിവർ ചേർന്നു മെത്രാനെ സ്വീകരിച്ചു. ഗുഡ്ഗാവ് രൂപതാ ആസ്ഥാനത്തെത്തിയ ബിഷപ്പ് പിന്നീട് വൈദികരും സന്യസ്തരും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി.
പൂന ബിഷപ്പ് തോമസ് മാർ അന്തോണിയോസിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഗുഡ്ഗാവ് രൂപതയുടെ മെത്രാനായി നിയമിച്ചത്. പകരം സംവിധാനം ഉണ്ടാകുന്നതുവരെ പൂന രൂപതയുടെ ചുമതലയിൽ മെത്രാൻ തുടരും. ഗുഡ്ഗാവ് രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് മാർ ബർണബാസിന്റെ അകാലത്തിലുള്ള മരണത്തെ തുടർന്നായിരുന്നു മാർ അന്തോണിയോസിന്റെ നിയമനം.