News

ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിരുദ്ധ പരാമര്‍ശം നടത്തിയ മുസ്ലീം പണ്ഡിതന്‍ അറസ്റ്റില്‍

പ്രവാചകശബ്ദം 02-09-2021 - Thursday

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലീം പണ്ഡിതന്‍ മതനിന്ദയുടെ പേരില്‍ അറസ്റ്റില്‍. 2006-ല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും ഇമാമാവുകയും ചെയ്ത മുഹമ്മദ്‌ യഹ്യ വലോണിയേയാണ് മതനിന്ദയുടെ പേരില്‍ ജക്കാര്‍ത്തയിലെ വീട്ടില്‍ നിന്നും ഓഗസ്റ്റ് അവസാന വാരത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു യു‌സി‌എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ ‘സാങ്കല്‍പ്പികവും, തെറ്റും’ എന്നാണ് അദ്ദേഹം തന്റെ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഇസ്ലാം മതനിന്ദ നടത്തി എന്ന ആരോപണത്തിന്റെ പുറത്ത് ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു ക്രിസ്ത്യാനി അറസ്റ്റിലായി മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണ് മുസ്ലീം മതപണ്ഡിതന്‍ അറസ്റ്റിലായിരിക്കുന്നത്. അതേസമയം ഇസ്ലാമിക ചിന്താഗതിയിലധിഷ്ഠിത രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസത്തിനു നേരെയുണ്ടായ അവഹേളനത്തിന് നേരെ നടപടിയെടുത്ത സംഭവത്തെ അപൂര്‍വ്വതയോടെയാണ് ക്രൈസ്തവ സമൂഹം നിരീക്ഷിക്കുന്നത്. ഇതിനിടെ സംഭവത്തില്‍ പോലീസ് മെല്ലപോക്ക് നയം തുടര്‍ന്നുവെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വലോണിയേകുറിച്ചുള്ള പരാതി ഫയല്‍ ചെയ്തതെന്നു പോലീസ് ഔദ്യോഗിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ റുസ്ദി ഹാര്‍ട്ടോണോ അറിയിച്ചു. 'എന്തുകൊണ്ടാണ് വലോണിയെ അറസ്റ്റ് ചെയ്യുവാന്‍ നാല് മാസത്തോളം എടുത്തു?' എന്ന ചോദ്യത്തിന്, അന്വേഷണത്തിന് സമയം ആവശ്യമായിരുന്നുവെന്നും, അന്വേഷണം ഇപ്പോഴും നടന്നുവരികയാണെന്നുമായിരുന്നു ഹാര്‍ട്ടോണോയുടെ മറുപടി. ഇസ്ലാമിനേയും, പ്രവാചകന്‍ മുഹമ്മദ്‌ നബിയേയും അവഹേളിക്കുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തു എന്നാരോപിച്ചാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 23നു മുഹമ്മദ്‌ കേസ് എന്ന പരിവര്‍ത്തിത ക്രിസ്ത്യാനി അറസ്റ്റിലാകുന്നത്. മതനിന്ദയും, വിദ്വേഷ പ്രസ്താവനകളും നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ കൈകൊള്ളണമെന്ന് ഇന്തോനേഷ്യയുടെ റിലീജിയസ് അഫയേഴ്സ് മന്ത്രി യാക്കുത് ചോലില്‍ കൌമാസ് സമീപകാലത്ത് ഉത്തരവിട്ടിരുന്നു.

“നിയമത്തിനു മുന്നില്‍ എല്ലാവരും തുല്ല്യരാണ്. അതിനാല്‍, മതനിന്ദയും, വിദ്വേഷ പ്രസംഗങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ കേസുകളിലും വിവേചനരഹിതമായ നടപടികള്‍ ഉണ്ടാകും” എന്നാണ് കൌമാസ് പറഞ്ഞിരിക്കുന്നത്. ഇതിനിടെ വിവേചനപരമായിട്ടാണ് ക്രിസ്ത്യാനികളെ കാണുന്നതെന്നു ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയുടെ ഔദ്യോഗിക വക്താവായ സിതുമൊറാങ്ങ് പറഞ്ഞു. മതനിന്ദയുടെ കാര്യത്തില്‍ ചില പ്രത്യേക മതക്കാര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് പോലീസ് പക്ഷപാതം കാണിക്കരുതെന്നും ഈ ആരോപണത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ അറസ്റ്റിലായി കൊണ്ടിരിക്കുകയാണെന്നും സിതുമൊറാങ്ങ് ആരോപിച്ചു. ആഗോള തലത്തില്‍ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ പത്തു ശതമാനം മാത്രമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »