News - 2024
15 വർഷത്തിന് ശേഷം ദേവാലയ നിർമ്മാണം ആരംഭിച്ച് ഇന്തോനേഷ്യൻ രൂപത
പ്രവാചകശബ്ദം 25-01-2024 - Thursday
പ്രാദേശിക മുസ്ലീങ്ങളുടെ എതിർപ്പിനെത്തുടർന്ന് നിർമ്മാണ ലൈസൻസ് തടഞ്ഞുവച്ചതിന് 15 വർഷത്തിന് ശേഷം ഇന്തോനേഷ്യയിലെ കത്തോലിക്കാ രൂപത ദേവാലയ നിർമ്മാണം ആരംഭിച്ചു. ജനുവരി 22-ന് വെസ്റ്റ് ബന്ദൂങ് റീജൻസിയിലെ പദലരാംഗ് ഉപജില്ലയിൽ സെന്റ് ബെനഡിക്റ്റ് പള്ളിയുടെ നിർമ്മാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങിന് രാജ്യത്തെ മെത്രാൻ സമിതിയുടെ പ്രസിഡന്റായ അന്റോണിയസ് സുബിയാന്റോ ബഞ്ചമിൻ നേതൃത്വം നൽകി.
ദേവാലയം യാഥാർത്ഥ്യമാകുന്നതോടെ ആരാധനയ്ക്കായി ആളുകൾക്ക് ഇനി ദൂരെ പോകേണ്ട സാഹചര്യം വരില്ലായെന്ന് ബന്ദൂങ്ങിലെ പരഹ്യാംഗൻ കാത്തലിക് യൂണിവേഴ്‌സിറ്റി റെക്ടർ ജോവോനോ പറഞ്ഞു. ഇതുവരെ, പ്രാദേശിക കത്തോലിക്കർക്ക്, സിമാഹി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലേ ദേവാലയങളെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നുവെന്നും ഇപ്പോൾ ഇതിന് മാറ്റം വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2009-ൽ പള്ളി അധികാരികൾ വെസ്റ്റ് ബന്ദുങ് റീജൻസിയിലെ ആദ്യത്തെ കത്തോലിക്കാ പള്ളിയായ സെന്റ് ബെനഡിക്റ്റ് പള്ളിയുടെ നിർമ്മാണം ലൈസൻസ് നേടുന്നതിൽ പരാജയപ്പെട്ടു. സർക്കാർ ചട്ടം അനുസരിച്ച്, ആരാധനാലയത്തിന് നിർമ്മാണാനുമതി ലഭിക്കുന്നതിന് മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. 2006-ലെ ആഭ്യന്തര മന്ത്രാലയത്തിന്റെയും മതകാര്യ മന്ത്രാലയത്തിന്റെയും സംയുക്ത ചട്ടങ്ങൾ പ്രകാരം ആരാധനാലയങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നതിന് മതവിഭാഗങ്ങൾ സ്വന്തം സമുദായത്തിൽ നിന്ന് 90 ഒപ്പുകളും പ്രദേശവാസികളിൽ നിന്ന് 60 ഒപ്പുകളും വാങ്ങേണ്ടതുണ്ട്.