Faith And Reason - 2024

'ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം': ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശം പങ്കുവെച്ച് മാര്‍ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 11-09-2021 - Saturday

ബുഡാപെസ്റ്റ്: സമാധാനം തേടിയലയുന്ന സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണു വിശുദ്ധ കുര്‍ബാനയെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ 'ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം' എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ബിഷപ്പ്.

ഉത്ഥിതനെ കാണുംവരെ നിരാശനായിരുന്ന തോമ്മാശ്ലീഹായുടെ അനുഭവം ഈ കാലഘട്ടത്തിന്റെ ദുഃഖമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ദൈവത്തെ കണ്ടെത്തുന്നതുവരെ അസ്വസ്ഥനായി കലഹിക്കുന്ന മനുഷ്യന്റെ പ്രതീകമാണ് സംശയിക്കുന്ന തോമാ. എന്നാല്‍, ഉത്ഥിതനെ കണ്ടെത്തുന്ന ശ്ലീഹായുടെ അനുഭവത്തെ ദിവ്യകാരുണ്യാനുഭവമായിട്ടാണ് നാലാം സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ആഴ്ചയുടെ ആദ്യദിവസമായ ഞായറാഴ്ചയെക്കുറിച്ചുള്ള സൂചനയും സമാധാനാശംസയും വിശ്വാസ പ്രഘോഷണവും മുറിക്കപ്പെട്ട ശരീരത്തിന്റെ ദര്‍ശനവും തലമുറകള്‍ക്കായുള്ള ആശീര്‍വാദവുമൊക്കെ തോമാശ്ലീഹായുടെ ദൈവാനുഭവത്തെ ദിവ്യകാരുണ്യാനുഭവമാക്കി മാറ്റുന്നതായിരുന്നു.

ക്രിസ്തുവിനെ മുഖാമുഖം കണ്ടെത്തിയതോടെ ശ്ലീഹായുടെ എല്ലാ കലഹവും അവസാനിച്ചു. ദൈവത്തെക്കാള്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും സംതൃപ്തനാകാത്തവിധം മഹത്വമുള്ളവനായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. പ്രത്യാശയെന്നത് നിരാശയുടെ വിപരീതപദമോ എല്ലാം ശരിയാകുമെന്ന മിഥ്യാബോധമോ അല്ല. അതു മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ കണ്ടുമുട്ടുന്ന അനുഭവമാണ്. ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യം. ഒറ്റിക്കൊടുക്കലും തള്ളിപ്പറയലുംവഴി ഒറ്റപ്പെട്ടുപോയവന്‍ ചമ്മട്ടിയടിയും ചാട്ടവാറും കുരിശിലെ മരണവേദനയും മനസില്‍ ധ്യാനിച്ചപ്പോഴാണ് ദിവ്യകാരുണ്യം പിറന്നത്.

നന്മയുടെമേല്‍ തിന്മയും വെളിച്ചത്തിന്റെമേല്‍ ഇരുളും ദൈവത്തിന്റെമേല്‍ സാത്താനും വിജയം നേടുന്നു എന്നു വിലയിരുത്താവുന്ന ആ രാത്രിയിലാണ് ദൈവപുത്രന്‍ പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്. അതിനാല്‍ ദിവ്യകാരുണ്യത്തിനു പരിഹരിക്കാനാവാത്ത നിരാശയൊന്നും ശേഷിക്കുന്നില്ല എന്ന് ആ രാത്രിയില്‍ അവന്‍ ഉറപ്പുവരുത്തിയിരുന്നു. ദിവ്യകാരുണ്യം പകരുന്ന പ്രത്യാശയുടെ സന്ദേശത്തെ ഏറ്റവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ആരാധനാക്രമം പൗരസ്ത്യ സുറിയാനിസഭയുടെ ആരാധനാക്രമമാണെന്ന് ബിഷപ്പ് സമര്‍ഥിച്ചു. മനുഷ്യാവതാരം പകരുന്ന പ്രത്യാശയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ ആരാധനാക്രമത്തിന്റെ ആദ്യരൂപത്തിന് സുവിശേഷങ്ങളോളം പഴക്കമുണ്ടെന്ന് മാര്‍ പാംപ്ലാനി ചൂണ്ടിക്കാട്ടി.

ഇന്നു ലോകത്തില്‍ നിലവിലുള്ള ആരാധനാക്രമങ്ങളില്‍ ഏറ്റവും പൗരാണികത്വം അവകാശപ്പെടാവുന്ന അദ്ദായി മാറി അനാഫൊറയിലെ ഓരോ പ്രതീകവും സംബോധനയും പ്രത്യാശയുടെ ആഘോഷങ്ങളാണ്. 'മനുഷ്യവര്‍ഗത്തിന്റെ പ്രത്യാശയായ മിശിഹായേ' എന്ന സംബോധന ഈ ആശയത്തിന് അടിവരയിടുന്നുണ്ട്. ബലിപീഠവും സ്ലീവായും വിശുദ്ധ ഗ്രന്ഥവും റൂഹാക്ഷണവുമൊക്കെ പ്രത്യാശയുടെ ആഘോഷമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദിവ്യബലിയും പഠനശിബിരങ്ങളുമാണ് നടക്കുന്നത്. ഹംഗറിയിലെ സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയിലും ആതിഥേയത്വത്തിലും നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഹംഗേറിയന്‍ സംസ്കാരത്തിന്റെ മഹത്വവും ചരിത്രവും വിളംബരം ചെയ്യുന്നതാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനം അനുഭവിക്കുന്ന വിശ്വാസികളുടെ ഹൃദയഹാരിയായ അനുഭവസാക്ഷ്യങ്ങള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവരുടെ വിശ്വാസത്തെ ജ്വലിപ്പിക്കുന്നു. ഇന്നലെ നടന്ന പഠനശിബിരത്തില്‍ ബിഷപ് മാസിമോ കമിബാസ്ക്പ (ഇറ്റലി), കര്‍ദ്ദിനാള്‍ ജീന്‍ക്ലോദ് ഹൊള്ളെറിക് (ലക്സംബര്‍ഗ്), ബിഷപ്പ് ജാനോസ് സെക്കെലി എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നൂറോളം രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുത്ത സായാഹ്നത്തിലെ മെഴുകുതിരി പ്രദക്ഷിണം കോണ്‍ഗ്രസിനെ അവിസ്മരണീയമാക്കി. സമാപന ദിവസമായ ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചുകൊണ്ട് ബുഡാപെസ്റ്ററിലെ ഹീറോ സ്ക്വയറില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ലക്ഷങ്ങള്‍ അണിനിരക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 58