Faith And Reason

ബ്രിട്ടനിലെ ആംഗ്ലിക്കൻ രൂപതാധ്യക്ഷന്‍ മെത്രാൻ പദവി ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക്

പ്രവാചകശബ്ദം 04-09-2021 - Saturday

ലണ്ടന്‍: ഇംഗ്ലണ്ടിലെ എബ്സ്ഫ്ലീറ്റ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന ജോനാഥൻ ഗുഡ്ഓൾ കത്തോലിക്ക സഭയില്‍ ചേരുവാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലഘട്ടങ്ങളിൽ ഒന്നാണ് കടന്നു പോയതെന്നും, ദീർഘനാളത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ഇന്നലെ സെപ്റ്റംബർ മൂന്നാം തീയതി അദ്ദേഹം പ്രസ്താവിച്ചു. ഇംഗ്ലണ്ടിനെ ക്രിസ്തീയവൽക്കരിക്കാന്‍ ഇടപെടലുകള്‍ നടത്തിയ ഗ്രിഗറി മാർപാപ്പയുടെ തിരുനാള്‍ ദിനമായ ഇന്നലെ സെപ്റ്റംബർ മൂന്നിന് തന്നെയാണ് ആംഗ്ലിക്കന്‍ ബിഷപ്പിന്റെ പ്രഖ്യാപനമെന്നതു ശ്രദ്ധേയമാണ്.

2013ലാണ് ജോനാഥൻ ഗുഡ്ഓൾ എബ്സ്ഫ്ലീറ്റ് രൂപതയുടെ മെത്രാൻ പദവിയിൽ നിയമിതനാകുന്നത്. വനിതാ പൗരോഹിത്യം അംഗീകരിക്കാത്ത ആംഗ്ലിക്കൻ വിശ്വാസികളുടെ അജപാലനപരമായ ആവശ്യങ്ങൾക്ക് വേണ്ടി സഭയുടെ പ്രൊവിൻഷ്യൽ എപ്പിസ്കോപ്പൽ വിസിറ്ററായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതേസമയം ഖേദത്തോടെയാണ് ജോനാഥന്റെ രാജി താൻ സ്വീകരിക്കുന്നതെന്ന് ആംഗ്ലിക്കൻ സഭയുടെ തലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിൻ വെൽബി പത്രക്കുറിപ്പിൽ പറഞ്ഞു. ജോനാഥന്റെ ദീർഘനാളത്തെ സേവനത്തിന് നന്ദി പറയുകയും, മുന്നോട്ടുള്ള യാത്രയിൽ കുടുംബത്തിന് പ്രാർത്ഥന നേരുകയും ചെയ്തു.

കത്തോലിക്ക സഭയ്ക്കും, ഓർത്തഡോക്സ് സഭയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൈസ്തവ വിഭാഗമാണ് ആംഗ്ലിക്കൻ സഭ. എബ്സ്ഫ്ലീറ്റ് രൂപതയിൽ നിന്നും ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നുവരുന്ന രണ്ടാമത്തെ മെത്രാനാണ് ജോനാഥൻ ഗുഡ്ഓൾ. 2010ൽ പത്തു വർഷത്തെ സേവനത്തിനുശേഷം ആൻഡ്രൂ ബേർൺഹാം എന്ന മെത്രാനും പദവി ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്നിരുന്നു. ഇന്ന് അദ്ദേഹം ഓക്സ്ഫോർഡ്ഷെയറിലുളള ഒരു കത്തോലിക്ക ഇടവകയിലെ വൈദികനായാണ് സേവനം ചെയ്യുന്നത്. ആൻഡ്രൂ ബേർൺഹാമിനെ കൂടാതെ റിച്ച്ബറോ രൂപതയിൽ സേവനം ചെയ്തിരുന്ന കീത്ത് ന്യൂട്ടണും, ഫുൾഹാം രൂപതയുടെ മെത്രാനായിരുന്ന ജോൺ ബ്രോഡ്ഹർസ്റ്റും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ആംഗ്ലിക്കൻ മെത്രാൻമാരാണ്.

2019ൽ എലിസബത്ത് രാജ്ഞിയുടെ മുൻ ചാപ്ലിൻ ആയിരുന്ന ഗാവിന്‍ ആഷെന്‍ഡെന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് വാർത്തകളിൽ വലിയ ശ്രദ്ധ നേടിയിരിന്നു. ക്രൈസ്തവ ജീവിതം നയിക്കാനുള്ള കൃപയും, വിശ്വാസവും ആംഗ്ലിക്കൻ സഭയിൽ നിന്നാണ് ലഭിച്ചതെന്നും, അതിന് എല്ലാകാലവും ആ സഭയോട് കടപ്പാട് ഉണ്ടായിരിക്കുമെന്നും ജോനാഥൻ ഗുഡ്ഓൾ പറഞ്ഞു സെപ്റ്റംബർ എട്ടാം തീയതി ആംഗ്ലിക്കൻ സഭ ഔദ്യോഗികമായി വിടുന്ന ജോനാഥൻ ഗുഡ്ഓൾ, കത്തോലിക്കാ പൗരോഹിത്യം സ്വീകരിക്കുമോ ആംഗ്ലിക്കൻ വൈദികർക്കുവേണ്ടി ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാപിച്ച പേർസണൽ ഓഡിനറിയേറ്റിലെ അംഗം ആകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »