News

അഫ്ഗാനിലെ ക്രൈസ്തവരെ കുറിച്ച് പരാമര്‍ശമില്ലാതെ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം : വിമര്‍ശനവുമായി ഇറ്റാലിയന്‍ പാര്‍ലമെന്റംഗം

പ്രവാചകശബ്ദം 18-09-2021 - Saturday

സ്ട്രാസ്ബര്‍ഗ്: യൂറോപ്യന്‍ യൂണിയന്റെ നിയമനിര്‍മ്മാണ വിഭാഗത്തിന്റെ സമീപകാല പ്രമേയത്തില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചു എന്ന ആരോപണവുമായി ഇറ്റാലിയന്‍ പാര്‍ലമെന്റംഗം. ക്രൈസ്തവരോടുള്ള യൂറോപ്പിന്റെ അനിഷ്ടത്തേയാണ് സെപ്റ്റംബര്‍ 16-ലെ പ്രമേയം സൂചിപ്പിക്കുന്നതെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ‘ഇന്റര്‍ഗ്രൂപ്പ് ഓണ്‍ ഫ്രീഡം ഓഫ് റിലീജിയന്‍ ആന്‍ഡ്‌ ബിലീഫ് ആന്‍ഡ്‌ റിലീജിയസ് ടോളറന്‍സ്’ന്റെ വൈസ് ചെയര്‍മാനായ കാര്‍ലോസ് ഫിഡാന്‍സാ പറയുന്നത്. അഫ്ഗാന്‍ ക്രൈസ്തവരുടെ മാത്രമല്ല ആഗോള ക്രിസ്ത്യാനികളുടെ കാര്യത്തില്‍ യൂറോപ്പിന്റെ കുറ്റകരമായ അശ്രദ്ധയെ ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതാണ് ഈ പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതസ്വാതന്ത്ര്യത്തേക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി വാര്‍ഷിക മതസ്വാതന്ത്ര്യ ദിനം വേണമെന്ന നിര്‍ദ്ദേശം ഇക്കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തള്ളിക്കളഞ്ഞ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യൂറോപ്യന്‍ ദിനാചരണത്തിന്റെ തിരസ്കരണത്തേ കുറിച്ച് പറഞ്ഞിട്ടുള്ളത് പോലെ, മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ നേരിടുന്ന ദുരന്തങ്ങളുടെ കാര്യത്തില്‍ നിശബ്ദത വീഴുന്നത് ഇപ്പോള്‍ സാധാരണയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, എല്‍.ജി.ബി.ടി സമൂഹത്തിനും, മത-വംശ ന്യൂനപക്ഷങ്ങള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, എഴുത്തുകാര്‍ക്കും, സര്‍വ്വകലാശാല അദ്ധ്യാപകര്‍ക്കും, കലാകാരന്‍മാര്‍ക്കും എതിരെയുള്ള താലിബാന്റെ നടപടികള്‍ ഞെട്ടിപ്പിച്ചു കളഞ്ഞുവെന്നാണ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്. പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷത്തിന് ഉദാഹരണമായി അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട വംശീയ ന്യൂനപക്ഷമായ ഹസാരാസിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും, പ്രമേയത്തിലൊരിടത്തും അഫ്ഗാന്‍ ക്രിസ്ത്യാനികളെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പരാജയപ്പെട്ടാല്‍ അത് രാഷ്ട്രീയ ഭീരുത്വത്തിലേക്കും, ദിനംതോറുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പും ഫിഡാന്‍സാ നല്‍കി. മറ്റെല്ലാക്കാര്യങ്ങള്‍ക്കും ഒരു അന്താരാഷ്ട്ര ദിനമുണ്ടായിരിക്കെ, മതസ്വാതന്ത്ര്യത്തിന് അന്താരാഷ്ട്ര ദിനം വേണമെന്ന നിര്‍ദ്ദേശത്തോട് യൂറോപ്യന്‍ പാര്‍ലമെന്റ് താല്‍പര്യം പ്രകടിപ്പിക്കാതിരുന്നത് പാര്‍ലമെന്റിന്റെ നിഷ്പക്ഷതയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. നിര്‍ദ്ദേശം ഇനിയും മുന്നോട്ട് കൊണ്ടുവരുമെന്നാണ് നിര്‍ദ്ദേശത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കണ്‍സര്‍വേറ്റീവുകളും റിഫോര്‍മിസ്റ്റുകളും പറയുന്നത്. 3.8 കോടി ജനങ്ങളുള്ള അഫ്ഗാനിസ്ഥാനില്‍ ഏതാണ്ട് 10,000-ത്തോളം ക്രിസ്ത്യാനികള്‍ താലിബാന്റെ ഭീതിയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »