News - 2025
കുര്‍ദ്ദിസ്ഥാനിലെ ക്രിസ്ത്യന്‍ നഗരമായ അങ്കാവക്ക് സ്വയം ഭരണാധികാരമുള്ള ജില്ലാ പദവി: പ്രതീക്ഷയോടെ ക്രൈസ്തവര്‍
പ്രവാചകശബ്ദം 07-10-2021 - Thursday
ഇര്‍ബില്‍: ഇറാഖി കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലെ ക്രിസ്ത്യന്‍ പട്ടണമായ അങ്കാവക്ക് പൂര്‍ണ്ണ അധികാരങ്ങളോടു കൂടിയ ജില്ലാ പദവി. കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പ്രധാനമന്ത്രി മസ്റൂര്‍ ബര്‍സാനി ഇക്കഴിഞ്ഞ തിങ്കളാഴ്ച അങ്കാവയില്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലായിരുന്നു പ്രഖ്യാപനം. അടുത്ത ഞായറാഴ്ചത്തെ ഇറാഖി പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനം പ്രാബല്യത്തില്‍ വരുത്തുക. ഇര്‍ബില്‍ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ ഈ നടപടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശകാലത്ത് മൊസൂളില്‍ നിന്നും നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്ത ആയിരകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയ പട്ടണമാണ് അങ്കാവ. മതപരവും സാമൂഹികവുമായ സഹവർത്തിത്വത്തിന്റേയും സമാധാനത്തിന്റേയും കേന്ദ്രമെന്ന് തന്റെ സന്ദര്‍ശനത്തിനിടയില്‍ ബര്‍സാനി അങ്കാവയെ വിശേഷിപ്പിച്ചിരിന്നു.
സബ് ജില്ലാ പദവിയില്‍ നിന്നും പൂര്‍ണ്ണ ജില്ലയായി മാറുന്നതോടെ. നഗരത്തിന്റെ ഭരണനിര്‍വഹണവും, ഉദ്യോഗസ്ഥരെ നിയമിക്കലും, സുരക്ഷയും പട്ടണവാസികളായ ക്രൈസ്തവരുടെ കൈകളില്‍ എത്തിച്ചേരുകയും, മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ജില്ലയായി അങ്കാവ മാറുമെന്നുമാണ് നിരീക്ഷിക്കപ്പെടുന്നത്. അങ്കാവയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട തീരുമാനമാണിതെന്ന് ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ പ്രസ്താവിച്ചു. ഇത് മേഖലയിലെ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുന്നതിനു സഹായകമാണെന്നും കൂട്ടിച്ചേര്‍ത്തു.
അങ്കാവയിലെ ക്രൈസ്തവ സമൂഹം വളരെ സന്തോഷത്തോടെ തീരുമാനത്തെ സ്വാഗതം ചെയ്തു. നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും, കത്തോലിക്ക സര്‍വ്വകലാശാലകളും, സെമിനാരികളുമുള്ള നഗരം കൂടിയാണ് അങ്കാവ. 2003-ല്‍ സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖി ക്രൈസ്തവരുടെ കാര്യം കഷ്ടത്തിലായെന്നും, സഹവര്‍ത്തിത്വത്തിന്റേയും, സാമൂഹിക-സാമ്പത്തിക പുരോഗതിയുടേയും സ്ഥലമായി ക്രൈസ്തവര്‍ പിന്നെ കണ്ടത് അങ്കാവയെയാണെന്നു മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ പ്രസ്താവിച്ചു. പുതിയ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ക്രിസ്ത്യാനികളോട് ഇറാഖിലും, കുര്‍ദ്ദിസ്ഥാനിലും തുടരുവാനുള്ള തന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ച മെത്രാപ്പോലീത്ത, തങ്ങള്‍ക്ക് മേഖലയില്‍ ഹോസ്പിറ്റലുകളും, സ്കൂളുകളും, സര്‍വ്വകലാശാലകളും തുടങ്ങുവാനുള്ള പദ്ധതിയുണ്ടെന്നും വെളിപ്പെടുത്തി.