News - 2025

ബെലാറൂസില്‍ വ്യാജ കേസ് ചുമത്തി കത്തോലിക്ക വൈദികനെ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു

പ്രവാചകശബ്ദം 03-01-2025 - Friday

മിന്‍സ്ക്: കിഴക്കൻ യൂറോപ്യന്‍ രാജ്യമായ ബെലാറൂസില്‍ കത്തോലിക്ക വൈദികനു നേരെ വ്യാജ കേസ് ചുമത്തി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 1991-ലെ സോവിയറ്റ് യൂണിയൻ്റെ തകർച്ചയിൽ ബെലാറൂസ് സ്വതന്ത്രമായതിനുശേഷം കത്തോലിക്കാ വൈദികര്‍ക്കു നേരെ രാഷ്ട്രീയമായി കുറ്റാരോപണത്തിന്റെ പേരില്‍ തടവിന് ശിക്ഷിക്കപ്പെട്ട ആദ്യ കേസാണിത്. ഫാ. ഹെൻറിഖ് അകലാറ്റോവിച്ച് എന്ന വൈദികനെ രാജ്യദ്രോഹ കുറ്റം ചുമത്തി 11 വർഷത്തെ തടവിന് ശിക്ഷിച്ചതായി മനുഷ്യാവകാശ സംഘടനയായ വിയാസ്ന സെന്‍റര്‍ വെളിപ്പെടുത്തിയതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്.

2023 നവംബറിൽ അറസ്റ്റിലാകുന്നതിന് മുമ്പ് വൈദികന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും കാൻസറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും സംഘടന വെളിപ്പെടുത്തി. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമായ സമയത്ത് രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ വളരെ കഠിനമായ വ്യവസ്ഥകൾക്ക് ശിക്ഷിക്കപ്പെട്ടതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ഈ മാസം നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നൂറുകണക്കിന് വൈദികരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും ഉദ്ദേശിച്ചുള്ളതാണ് കഠിനമായ ശിക്ഷയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

1991 ഡിസംബറിൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം 1994ൽ ബെലാറൂസില്‍ നടന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പ് മുതല്‍ ഇതുവരെ രാജ്യം ഭരിക്കുന്നത് അലക്സാണ്ടർ ലുകാഷെങ്കോയാണ്. ജനുവരി 26-ന് നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിയോജിപ്പുകളെ അടിച്ചമർത്തുവാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ ബെലാറൂസിലെ ആകെ ജനസംഖ്യ 91.8 ലക്ഷം മാത്രമാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »