News - 2025

ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 400 ക്രൈസ്തവ നേതാക്കളുടെ നിവേദനം

പ്രവാചകശബ്ദം 03-01-2025 - Friday

ഡൽഹി: കഴിഞ്ഞ ക്രിസ്തുമസ് വേളയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി ആവശ്യപ്പെട്ട് നാനൂറിലധികം ക്രൈസസ്തവ നേതാക്കളും സഭാപ്രതിനിധികളും ചേര്‍ന്നു പ്രസിഡൻ്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. കഴിഞ്ഞ ക്രിസ്തുമസ് വേളയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവ കൂട്ടായ്മകള്‍ക്ക് നേരെ 14 അക്രമ/ ഭീഷണി സംഭവങ്ങള്‍ ഉണ്ടായതായി ക്രൈസ്തവ നേതൃത്വം ചൂണ്ടിക്കാട്ടി.

ഇവാഞ്ചലിക്കൽ മെത്തഡിസ്റ്റ് നേതാക്കളായ തോമസ് എബ്രഹാം, ഡേവിഡ് ഒനേസിമു, ജോവാബ് ലോഹറ, റിച്ചാർഡ് ഹോവൽ, മേരി സ്കറിയ, കത്തോലിക്ക വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സെഡ്രിക് പ്രകാശ്, ഫാ. ലൂസി പ്രകാശ്, ജോൺ ദയാൽ, സെൽഹോ കീഹോ, ഇ.എച്ച്. ഖാർകോൻഗോർ, അലൻ ബ്രൂക്ക്സ്, കെ. എഡ്ഗർ, മൈക്കൽ വില്ലംസ്, എ.സി. മൈക്കിൾ, വിജയേഷ് ലാൽ എന്നിവര്‍ ചേര്‍ന്നാണ് അധികാരികള്‍ക്ക് കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ഹരിയാന സംസ്ഥാനത്തെ റോഹ്തക്ക് ജില്ലയില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവരുടെ കൂട്ടായ്മകളും പ്രാര്‍ത്ഥനകളും തടസ്സപ്പെടുത്തിയതും അംബാലയിൽ, "ജയ് ശ്രീറാം" വിളിച്ച് ക്രിസ്തുമസ് ആഘോഷത്തിന് തടയിട്ടതും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ, ഗ്രാമത്തിലെ പള്ളിയിൽ പ്രവേശിച്ച് അൾത്താരയിൽ നിന്ന് "ജയ് ശ്രീറാം" വിളിച്ചു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സംഭവം, പാലക്കാട് സ്‌കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷം വി‌എച്ച്‌പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം ഉള്‍പ്പെടെയുള്ളവയും പരാമര്‍ശിച്ചിട്ടുണ്ട്. 2024ലെ ലഭ്യമായ കണക്കുകൾ പ്രകാരം ക്രൈസ്തവര്‍ക്ക് നേരെ 760 ആക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം നേരത്തെ വെളിപ്പെടുത്തിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »