News - 2025
ടെക്സാസില്‍ തിരുസഭയ്ക്കും ലോകത്തിനും വേണ്ടി 54 ദിവസത്തെ ജപമാല നൊവേന ഇന്നു മുതല്‍
പ്രവാചകശബ്ദം 07-10-2021 - Thursday
ടെക്സാസ്: ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഇന്നു ഒക്ടോബര്‍ 7ന് അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ ടൈലര്‍ രൂപതയിൽ 54 ദിവസത്തെ ജപമാല നൊവേന ആരംഭിക്കും. അന്ത്രയോസ് ശ്ലീഹായുടെ തിരുനാള്‍ ദിനമായ നവംബര്‍ 30നാണ് നൊവേന സമാപിക്കുക. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സഭക്കും, ലോകത്തിനും, രാഷ്ട്രത്തിനും ലോകത്തിനും പ്രാര്‍ത്ഥിക്കുവാന്‍ ടൈലര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ് എല്ലാ വിശ്വാസികളേയും ക്ഷണിച്ചിട്ടുണ്ട്. ജപമാല നൊവേന സംബന്ധിച്ച വിശദ വിവരങ്ങള്‍ ട്വിറ്ററിലൂടെയാണ് മെത്രാന്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 9നായിരുന്നു ജപമാല നൊവേന സംബന്ധിച്ച മെത്രാന്റെ ആദ്യ ട്വീറ്റ്.
സഭയ്ക്കും, രാഷ്ട്രത്തിനും, ലോകത്തിനും വേണ്ടി നൊവേനയിലൂടെ 'സ്വർഗ്ഗീയ കൊടുങ്കാറ്റ്" സൃഷ്ടിക്കുവാന്‍ മെത്രാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇന്നലെ ഒക്ടോബര്‍ 6നും ജപമാല നൊവേനയില്‍ പങ്കെടുക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് മെത്രാന്‍ ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിനും, നമ്മുടെ രാഷ്ട്രത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു; സത്യവും, സ്നേഹവുമാകുന്ന ദൈവത്തിന്റെ പാതയില്‍ നിന്നും വഴിതെറ്റി അലഞ്ഞുതിരിയുന്ന എല്ലാ ദൈവമക്കളും, പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ തന്റെ സ്നേഹപുത്രനിലേക്ക് ദൈവം ക്ഷണിക്കുകയാണെന്നായിരിന്നു ട്വീറ്റ്.
54 ദിവസത്തെ ജപമാല നൊവേന സംബന്ധിച്ച് ടൈലര്‍ രൂപതയും ഒരു വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു. “ദൈവത്തിന് നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാന്‍ 4:16) എന്ന ബൈബിള്‍ വചനം വിചിന്തനം ചെയ്തുകൊണ്ട് വേണം ജപമാല നൊവേനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നു രൂപത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 1884-ല്‍ യുവ ദാര്‍ശനികയായ ഫോർച്യൂണ അഗ്രേല്ലിക്കാണ് പരിശുദ്ധ കന്യകാമാതാവ് 54 ദിവസത്തെ ജപമാല നല്‍കിയത്. 27 ദിവസത്തെ അപേക്ഷാ നൊവേനയും, 27 ദിവസത്തെ കൃതജ്ഞത പ്രകാശന നൊവേനയും അടങ്ങുന്നതാണ് 54 ദിവസത്തെ ജപമാല നൊവേന.