News - 2024
പാക്ക് ക്രൈസ്തവര്‍ക്ക് സംവരണത്തില്‍ വിവേചനം: ഇടപെടല്‍ ആവശ്യപ്പെട്ട് മെത്രാന്‍ സമിതി
പ്രവാചകശബ്ദം 14-10-2021 - Thursday
ലാഹോര്‍: പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതില്‍ ഒഴിവായി കിടക്കുന്ന മുപ്പതിനായിരത്തോളം ജോലി ഒഴിവുകള്‍ ഇപ്പോഴും നികത്തിയിട്ടില്ലെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റും ഇസ്ലാമാബാദ് - റാവല്‍പിണ്ടി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ജോസഫ് അര്‍ഷാദ്. ഈ വര്‍ഷത്തോടെ ഈ ഒഴിവുകള്‍ നികത്തണമെന്നു മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ഏതാണ്ട് അഞ്ചു ശതമാനത്തോളം തൊഴില്‍ ഒഴിവുകളാണ് പാക്കിസ്ഥാന്‍ നിയമമനുസരിച്ച് മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നതിന്റെ ചെറിയൊരു അംശം ജോലി ഒഴിവുകള്‍ മാത്രമാണ് ഇന്നേവരെ സര്‍ക്കാര്‍ നികത്തിയിട്ടുള്ളു.
പാക്കിസ്ഥാന്‍ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള മതന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാനായ ഷോയിബ് സുഡ്ഢില്‍ ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തുവിട്ട വിവരമനുസരിച്ച് മതന്യൂനപക്ഷങ്ങള്‍ക്കായി റിസര്‍വ് ചെയ്തിട്ടുള്ള മുപ്പതിനായിരത്തോളം തൊഴില്‍ അവസരങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, വിവേചനത്തിനിരയാവുന്നവര്‍ക്കും 5% തൊഴിലുകള്‍ സംവരണം ചെയ്തിരിക്കുന്നത് മതന്യൂനപക്ഷങ്ങളെ പൊതു സമൂഹമായി ഇഴുകിചേരുന്നതിനും, അവരുടെ ജീവിത നിലവാരം ഉയരുന്നതിനും സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയ മെത്രാപ്പോലീത്ത പ്രവിശ്യാ സര്‍ക്കാരുകളില്‍ എല്ലാവരും ഈ നടപടിയെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാത്തത് ഖേദകരമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ രാജ്യത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ തടയുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലിനെ പാക്കിസ്ഥാന്‍ റിലീജിയസ് അഫയേഴ്സ് ആന്‍ഡ് ഹാര്‍മണി മന്ത്രാലയവും, കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജിയും (സി.ഐ.ഐ) തള്ളിക്കളഞ്ഞു. ഈ നടപടിയെ അപലപിച്ചുകൊണ്ട് പാക്ക് മെത്രാന്‍ സമിതിയുടെ മനുഷ്യാവകാശ വിഭാഗമായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (എന്‍.സി.ജെ.പി) രംഗത്ത് വന്നിട്ടുണ്ട്. ബില്‍ മരവിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹൈദരാബാദ് മെത്രാനും എന്‍.സി.ജെ.പി ചെയര്‍മാനുമായ ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍ ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയാക്കുന്നതിനുള്ള മറയായി മതത്തെ ഉപയോഗിക്കുന്നതിന് ബില്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയാണ് ക്രൈസ്തവ നേതൃത്വം പങ്കുവെയ്ക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക