News

നരകയാതന അനുഭവിക്കുന്ന നിക്കരാഗ്വേക്ക് വേണ്ടി ബിഷപ്പ് അല്‍വാരെസിന്റെ ആദ്യ പൊതു കുര്‍ബാന

പ്രവാചകശബ്ദം 28-12-2024 - Saturday

സെവില്ലെ, സ്പെയിന്‍: ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ ശ്വാസം മുട്ടി കഴിയുന്ന നിക്കരാഗ്വേക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് റോമില്‍ പ്രവാസ ജീവിതം നയിക്കുന്ന നിക്കരാഗ്വേ ബിഷപ്പ് റോളാണ്ടോ അല്‍വാരെസ് ആദ്യമായി പൊതു കുര്‍ബാന അര്‍പ്പിച്ചു. സ്പെയിനിലെ സെവില്ലേ പ്രവിശ്യയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ അവസാനം ബിഷപ്പ് തന്റെ മാറത്ത് ധരിച്ചിരുന്ന കുരിശ് പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിച്ചു. നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഭരണകൂട വേട്ടയ്ക്കിരയായ മെത്രാന്‍ കഴിഞ്ഞ ജനുവരി മുതലാണ്‌ റോമില്‍ പ്രവാസ ജീവിതം നയിക്കുന്നത്.

വീട്ടുതടങ്കലിലായിരുന്ന മതഗല്‍പ്പ രൂപത മെത്രാന്‍ രാജ്യവിടുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നു. പിന്നീട് മോചിതനായി. തന്റെ പ്രിയപ്പെട്ട മതഗല്‍പ്പ രൂപതയുടെ കാനോനിക സ്ഥാപനത്തിന് 100 വര്‍ഷം തികയുന്നതിന്റെ തലേന്ന് പരിശുദ്ധ കന്യകാമാതാവിന്റെ ആദരണാര്‍ത്ഥം പ്രത്യാശയുടെ രാജ്ഞിയുടെ ഓര്‍മ്മയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന് പുറമെ ഒരനുഗ്രഹം കൂടിയാണെന്നാണ് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാന്‍ പറഞ്ഞു.

1924 ഡിസംബര്‍ 19നു പിയൂസ് പതിനൊന്നാമന്‍ പാപ്പയുടെ കാലത്താണ് മതഗല്‍പ്പ രൂപത സ്ഥാപിതമായത്. നിക്കരാഗ്വേയിലെ കത്തോലിക്കാ സഭക്കായി ഈ മാസാദ്യം ഫ്രാന്‍സിസ് പാപ്പ എഴുതിയ കത്തിലെ ചില വാചകങ്ങളും ബിഷപ്പ് പരാമര്‍ശിച്ചു. കഷ്ടതകളുടെ ഈ നിമിഷത്തില്‍ നമ്മോടൊപ്പമുള്ള ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ കരുതലിനെ മറക്കരുതെന്നും, വിശ്വാസവും, പ്രതീക്ഷയും അത്ഭുതങ്ങള്‍ കൊണ്ടുവരുമെന്നും നമ്മുടെ ദൃഷ്ടികള്‍ പരിശുദ്ധകന്യകാമാതാവില്‍ കേന്ദ്രീകരിക്കണമെന്നും പാപ്പായെ ഉദ്ധരിച്ചുകൊണ്ട് മെത്രാന്‍ ഓര്‍മ്മിപ്പിച്ചു.

ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയും വൈസ്-പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടേയും നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 2022 ഓഗസ്റ്റ് 4-നാണ് മതഗല്‍പ്പ രൂപത മെത്രാനും എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ടറ്ററുമായ ബിഷപ്പ് അല്‍വാരെസ് ജയിലിലായത്. വത്തിക്കാന്‍ നടത്തിയ മാധ്യസ്ഥപ്രവര്‍ത്തനങ്ങളുടെ ഫലമായി അദ്ദേഹത്തെ മോചിപ്പിച്ചു റോമിലെത്തിക്കുകയായിരിന്നു. അതേസമയം നിക്കരാഗ്വേയില്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ കൊടിയ ഭീഷണിയിലാണ് കത്തോലിക്ക സഭ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »