Purgatory to Heaven - June 2018

മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക

സ്വന്തം ലേഖകന്‍ 23-06-2018 - Saturday

“എഫേസോസില്‍ വച്ച് അവന്‍ ചെയ്ത സേവനളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കര്‍ത്താവില്‍നിന്നു കാരുണ്യം ലഭിക്കാന്‍ അവിടുന്നു അവന് അനുഗ്രഹം നല്കട്ടെ” (2 തിമോത്തി 1:18).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-23

“മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഓരോ ദിവസവും ലോകം മുഴുവനുമായി നിരവധി പേര്‍ വേണ്ട വിധം തയ്യാറെടുക്കാന്‍ പോലും അവസരം കിട്ടാതെ മരണപ്പെടുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി നാം അവരെ സഹായിക്കേണ്ടതായുണ്ട്. നമ്മുടെ ഈ പ്രാര്‍ത്ഥനകള്‍ മൂലം സന്തോഷകരമായ ഒരു മരണത്തിനു വേണ്ട ദൈവീകാനുഗ്രഹം അവർക്ക് നല്‍കപ്പെടും. നമ്മുടെ അയല്‍ക്കാരോട് നാം കാണിക്കുന്ന കാരുണ്യത്തിലുള്ള കുറവിനെ ഇത് പരിഹരിക്കും”

(1924-ല്‍ സ്ഥാപിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഭക്തസംഘടനയുടെ സ്ഥാപകനായ വിശുദ്ധ ലൂയിസ് ഗുവാനെല്ലായുടെ വാക്കുകള്‍)

വിചിന്തനം:

ശുദ്ധീകരണസ്ഥലം ഒഴിവാക്കുവാനായി ഈ പ്രാര്‍ത്ഥന നിത്യവും ചൊല്ലുക: “യേശുവിന്റെ ദിവ്യ-ഹൃദയമേ, പാപികളെ മാനസാന്തരപ്പെടുത്തണമേ, മരിച്ചുകൊണ്ടിരിക്കുന്നവരെ സഹായിക്കണമേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കണമേ.”

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »