News - 2024

എത്യോപ്യയില്‍ സര്‍ക്കാര്‍ സൈന്യം അകാരണമായി വൈദികരെ അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 11-11-2021 - Thursday

ആഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ തെരുവ് കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സലേഷ്യന്‍ മിഷ്ണറിമാരെ സര്‍ക്കാര്‍ സൈന്യം അകാരണമായി അറസ്റ്റ് ചെയ്തു. നവംബര്‍ 5ന് ആഡിസ് അബാബയിലെ ഗോട്ടെരായില്‍ ഡോണ്‍ബോസ്കോ മിഷ്ണറിമാര്‍ നടത്തികൊണ്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ സര്‍ക്കാര്‍ സൈന്യം വൈദികരും, ഡീക്കന്മാരും, അടുക്കള ജീവനക്കാരും ഉള്‍പ്പെടെ 17 പേരെ അകാരണമായി അറസ്റ്റ് ചെയ്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ സലേഷ്യന്‍ സഭ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രോവിന്‍ഷ്യല്‍ ഹൗസില്‍ താമസിച്ച് ജോലി ചെയ്തിരുന്ന എത്യോപ്യന്‍, എറിത്രിയന്‍ വൈദികരെയും, ഡീക്കന്‍മാരേയും, ജീവനക്കാരേയും അറസ്റ്റ് ചെയ്ത വാര്‍ത്ത തങ്ങളെ ഞെട്ടിച്ചുവെന്നു ‘ഹാബെയിഷാ ഏജന്‍സി’യുടെ പ്രസിഡന്റായ ഫാ. മുസ്സി സെറായി പ്രസ്താവിച്ചു. ഇത്തരമൊരു ഗുരുതരമായ നടപടിയുടെ കാരണമെന്തെന്ന്‍ തങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ ഫാ. സെറായി തെരുവ് കുട്ടികളുടെ പുനരധിവാസവും, വിദ്യാഭ്യാസവും പോലെയുള്ള സാമൂഹ്യ നന്‍മകള്‍ക്കായി പ്രതിജ്ഞാബദ്ധമായ സ്ഥാപനത്തില്‍ സേവനം ചെയ്യുന്ന വൈദികരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് ചോദ്യമുയര്‍ത്തി.

മറ്റ് സഭാ സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുന്നുണ്ടെന്ന വിവരം തങ്ങള്‍ക്കറിയാമെന്നും, ദേവാലയങ്ങളും സഭാ സ്ഥാപനങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളല്ലെന്ന വിവരം എല്ലാവര്‍ക്കും വ്യക്തമായി അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1975-ലാണ് സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്കോ എത്യോപ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അന്നു തൊട്ട് രാജ്യത്തിന്റെ 5 പ്രദേശങ്ങളില്‍ ഇവര്‍ സജീവമാണ്. സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയിലാണ് ഇതില്‍ ഒരു സ്ഥാപനമിരിക്കുന്നത്. നിരവധി പേരാണ് ഈ സംഘര്‍ഷം മൂലം പലായനം ചെയ്തത്. 3 മിഷന്‍ കേന്ദ്രങ്ങളും, 5 ഇടവക ദേവാലയങ്ങളും, 6 ടെക്നിക്കല്‍ സ്കൂളുകളും, 13 യൂത്ത് കേന്ദ്രങ്ങളും, 13 പ്രൈമറി, സെക്കണ്ടറി സ്കൂളുകളും, തെരുവ് കുട്ടികള്‍ക്ക് വേണ്ടിയുള്ള 2 കേന്ദ്രങ്ങളുമായി നൂറോളം സലേഷ്യന്‍ വൈദികര്‍ ടൈഗ്രേ പ്രവിശ്യയില്‍ സജീവമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 713