News

പാക്ക് ക്രൈസ്തവര്‍ ‘ദരിദ്രരില്‍ ദരിദ്രര്‍’, തൊഴില്‍ രംഗത്ത് കടുത്ത വിവേചനം: ദയനീയ സാഹചര്യം വിവരിച്ച് മെത്രാന്‍

പ്രവാചകശബ്ദം 25-11-2021 - Thursday

ലാഹോര്‍: തീവ്ര ഇസ്ലാമികവാദവും അസഹിഷ്ണുതയും കൊണ്ട് പൊറുതിമുട്ടിയ പാക്ക് ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിക്കൊണ്ട് കടുത്ത ദാരിദ്ര്യവും പിടിമുറുക്കിയിരിക്കുകയാണെന്ന് പാക്ക് മെത്രാന്‍. പാക്കിസ്ഥാനിലെ ഹൈദരാബാദ് ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിനാണ് ഇക്കാര്യം ക്രൈസ്തവ സന്നദ്ധ സംഘടനയായ എ.സിഎന്നിനെ അറിയിച്ചിരിക്കുന്നത്. വര്‍ഗ്ഗീയ വിവേചനവും, മതവിദ്വേഷവും കൊടികുത്തി വാഴുന്ന രാജ്യത്തെ ക്രൈസ്തവരില്‍ പലര്‍ക്കും തങ്ങളുടെ ഭാവി ജീവിതത്തേക്കുറിച്ചുള്ള പ്രതീക്ഷയില്ലെന്നും, തൊഴില്‍ രഹിതരായ യുവജനങ്ങള്‍ നിരാശരാണെന്നും നാഷ്ണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മീഷന്റെ തലവന്‍ കൂടിയായ ബിഷപ്പ് ഷുക്കാര്‍ഡിന്‍ വിവരിച്ചു.

ക്രൈസ്തവരുടെ ഈ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്ന്‍ പറഞ്ഞ ബിഷപ്പ്, വിദ്യാഭ്യാസമില്ലായ്മയാണ് അതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. ഭൂരിഭാഗം ക്രൈസ്തവര്‍ക്കും വിദ്യാഭ്യാസമില്ലാത്ത സാഹചര്യമാണുള്ളത്. ഇതേതുടര്‍ന്നു ക്രിസ്ത്യന്‍ യുവതീ - യുവാക്കളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടുവാന്‍ കഴിയുന്നുള്ളൂ. ഓടകളും റോഡുകളും വൃത്തിയാക്കുന്നത് പോലെയുള്ള തങ്ങളുടെ അന്തസ്സിന് ചേരാത്തതെന്ന് മുസ്ലീങ്ങള്‍ കരുതുന്ന ജോലികള്‍ മാത്രമാണ് ക്രൈസ്തവര്‍ക്ക് ലഭിക്കുന്നുള്ളൂവെന്നതും തൊഴില്‍ മേഖലയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനമാണെന്ന് മെത്രാന്‍ പറഞ്ഞു.

നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് മുസ്ലീങ്ങളുടെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്യുന്നത്. കോവിഡ് പകര്‍ച്ചവ്യാധി കാരണം ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടതും ദാരിദ്ര്യം കൂടുന്നതിന് കാരണമായെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദമാണ് പാക്ക് ക്രിസ്ത്യാനികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇസ്ലാമിക മൌലീകവാദികള്‍ കുറവാണെങ്കിലും അവര്‍ക്കുള്ള സ്വാധീനം വളരെ വലുതാണെന്നും ബിഷപ്പ് പറയുന്നു. ഇവര്‍ക്കെതിരെ പോരാടുവാന്‍ പ്രാദേശിക, ദേശീയ സര്‍ക്കാരുകള്‍ക്ക് ചില പരിമിതികള്‍ ഉണ്ടെന്നും ഈ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒരുപടി മുന്നോട്ടുവെക്കുമ്പോള്‍ രണ്ടു പടി പിന്നോട്ട് പോവുകയാണെന്നും മെത്രാന്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമം കാരണം നിരവധി ക്രൈസ്തവര്‍ അന്യായമായി ജയിലില്‍ കഴിയുന്നുണ്ടെന്നും, വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഉപാധിയായി മതനിന്ദാ നിയമം മാറിയെന്നും മെത്രാന്‍ ചൂണ്ടിക്കാട്ടി. മറ്റ് മതങ്ങളുമായുള്ള മതസാഹോദര്യ ബന്ധങ്ങള്‍ വളര്‍ത്തണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം മുസ്ലീങ്ങളുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാക്കുവാന്‍ സഹായകമായിട്ടുണ്ടെന്നും ബിഷപ്പ് ഷുക്കാര്‍ഡിന്‍ പറഞ്ഞു. അതേസമയം ക്രൈസ്തവ പെണ്‍കുട്ടികളുടെ ശാക്തീകരണം ഉള്‍പ്പെടെയുള്ള നിരവധി അജപാലക പദ്ധതികളുമായി എ.സി.എന്‍ പാക്കിസ്ഥാനില്‍ സജീവമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »