Faith And Reason - 2024
കുരിശ് ധരിച്ചതിന്റെ പേരിൽ ജോലി നഷ്ട്ടപ്പെട്ട നേഴ്സിന് അനുകൂല വിധിയുമായി ബ്രിട്ടീഷ് ട്രൈബ്യൂണല്‍
പ്രവാചകശബ്ദം 06-01-2022 - Thursday
ലണ്ടന്‍: കുരിശ് ധരിച്ചതിന്റെ പേരിൽ ദക്ഷിണ ലണ്ടനിലെ ക്രോയിഡൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ജോലിയിൽനിന്ന് പിരിച്ചുവിട്ട മേരി ഉനോഹ എന്ന നേഴ്സിന് അനുകൂല വിധിയുമായി എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ. കുരിശ് ധരിച്ചുവെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടിയിലൂടെ മേരി ഉനോഹയെ അപമാനിക്കുകയാണ് ക്രോയിഡൻ ഹെൽത്ത് സർവീസസ് എൻഎച്ച്എസ് ട്രസ്റ്റ് ചെയ്തതെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഇതുവഴി ഉനോഹയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂൺ മാസമാണ് അവർ തിയേറ്റർ പ്രാക്ടീഷണർ പദവിയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. രണ്ടുവർഷമായി വിദ്വേഷത്തോടെയാണ് മേലധികാരികൾ പെരുമാറിയതെന്ന് മേരി ഉനോഹ പറഞ്ഞു.
കുരിശ് ധരിക്കുന്നത് ട്രസ്റ്റിന്റെ ഡ്രസ്സ് കോഡിന് വിരുദ്ധമാണെന്ന് മേരിയെ മേലധികാരികൾ അറിയിക്കുകയും, കുരിശ് മാറ്റിയില്ലായെങ്കിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ, അവരെ ജോലി മേഖലയിൽനിന്ന് തരംതാഴ്ത്തി. ഇതേ തുടര്‍ന്നു 2020 ഓഗസ്റ്റ് മാസം മേരി ഉനോഹ ജോലി രാജി വെച്ചു. മാല കഴുത്തിൽ ധരിക്കുന്നത് രോഗാണുക്കൾ പടരാൻ കാരണമാകുമെന്ന ട്രസ്റ്റിന്റെ വാദം ട്രൈബ്യൂണൽ തള്ളിക്കളഞ്ഞു.
മുന്‍കരുതലോടെയും ഉത്തരവാദിത്വത്തോടെയും ജോലി ചെയ്തിരുന്ന മേരിയെ പോലുള്ള ഒരാളുടെ മാലയിൽ നിന്നും രോഗാണുക്കൾ പടരുമെന്ന് പറയുന്നതിന് പിന്നില്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും ട്രൈബ്യൂണൽ ജഡ്ജി നിരീക്ഷിച്ചു. ഹിജാബ്, ടർബൻ പോലുള്ള മത വസ്ത്രങ്ങൾ അനുവദിക്കുമ്പോൾ എന്തുകൊണ്ടാണ് മേരി ഉനോഹയുടെ മത സ്വാതന്ത്രത്തിന് വില കൽപ്പിക്കാൻ തയ്യാറാകാത്തതെന്ന് ട്രൈബ്യൂണൽ ചോദിച്ചു. ക്രൈസ്തവ വിശ്വാസികളെ കുരിശ് പുറത്തുകാണിക്കാൻ വിലക്കുന്നത് ലോകമെമ്പാടും നടക്കുന്ന മത പീഡനത്തിന്റെ ഭാഗമാണെന്നും എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ പറഞ്ഞു. മേരി ഉനോഹയ്ക്ക് വേണ്ടി കേസ് നടത്തിയ ക്രിസ്ത്യൻ ലീഗൽ സെന്റർ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക