Arts

മാനസാന്തര അനുഭവം സമ്മാനിച്ച് വിശുദ്ധ നാട്ടിലേക്കുള്ള വിര്‍ച്വല്‍ തീര്‍ത്ഥാടനം: മഗ്ദല സെന്ററിന്റെ വീഡിയോ ശ്രദ്ധേയം

പ്രവാചകശബ്ദം 16-02-2022 - Wednesday

മിഗ്ദാല്‍: ഇസ്രായേലിലെ മിഗ്ദാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഗ്ദല സെന്റര്‍ സംഘടിപ്പിച്ച വിശുദ്ധ നാട്ടിലേക്കുള്ള സൗജന്യ വിര്‍ച്വല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരുടെ സാക്ഷ്യങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വിര്‍ച്വല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ഗ്വില്ലെര്‍മോ എന്ന വ്യക്തി 54 വര്‍ഷങ്ങള്‍ക്ക് ശേഷം കുമ്പസാരത്തിനായി തയ്യാറെടുക്കുന്നതു അടക്കമുള്ള സാക്ഷ്യങ്ങളാണ് മഗ്ദല സെന്റര്‍ നോമ്പ് കാലത്ത് സംഘടിപ്പിക്കുവാന്‍ പോകുന്ന നാലാമത് വിര്‍ച്ച്വല്‍ തീര്‍ത്ഥാടനത്തിന്റെ പ്രചരണാര്‍ത്ഥം പുറത്തുവിട്ട വീഡിയോയിലുള്ളത്. കഴിഞ്ഞ 54 വര്‍ഷങ്ങളായി താന്‍ കുമ്പസാരിച്ചിട്ടില്ലെന്നും, ഒരു നല്ല കുമ്പസാരത്തിനായി വേണ്ടി തയ്യാറെടുക്കുകയാണ് താനെന്നും ഗ്വില്ലെര്‍മോയുടെ സാക്ഷ്യത്തില്‍ പറയുന്നു.

ഗ്വില്ലെര്‍മോക്ക് പുറമേ, നിരവധി പേരുടെ സാക്ഷ്യങ്ങളും മഗ്ദല സെന്ററിന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ സമ്മതിക്കുന്നത് വരെ താനും തന്റെ ഭര്‍ത്താവും തമ്മില്‍ വഴക്കായിരുന്നെന്നും, എന്നാല്‍ തന്റെ ഭര്‍ത്താവിനോടൊപ്പം ഇപ്പോള്‍ ജീവിക്കുവാന്‍ കഴിഞ്ഞതില്‍ തനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കുവാന്‍ കഴിയില്ലെന്നും ക്രിസ്തുവാണ് തങ്ങളുടെ വിവാഹ ബന്ധം പുതുക്കിയതെന്നും വിര്‍ച്വല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത മറ്റൊരു തീര്‍ത്ഥാടകയായ മരിയേലയുടെ സാക്ഷ്യത്തില്‍ പറയുന്നു. തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത മറ്റൊരാളുടെ സാക്ഷ്യവും ശ്രദ്ധേയമാണ്.

വിശുദ്ധ കുര്‍ബാന തന്റെ ജീവിതത്തെ ആകെ മാറ്റിയെന്നാണ് ലൂര്‍ദ്ദ് പറയുന്നത്. തനിക്ക് യേശുവിനോട് ഇത്രമാത്രം അടുപ്പം ഇതിനു മുന്‍പ് തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അത്ഭുതകരമായ സാക്ഷ്യങ്ങളുടെ എല്ലാത്തിന്റേയും സാരം ദൈവത്തിന്റെ കരം നമ്മെ സ്പര്‍ശിക്കുന്നു എന്നതാണെന്നു മഗ്ദല സെന്‍ററിന്റെ ഡയറക്ടറായ ഫാ. ജുവാന്‍ സൊളാന പറയുന്നത്. “സഭയുമായി കൈകോര്‍ത്തുകൊണ്ട് വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടനം” എന്നതാണ് ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ 19 വരെ നടക്കുവാനിരിക്കുന്ന നാലാമത്തെ തീര്‍ത്ഥാടനത്തിന്റെ മുദ്രാവാക്യം.


Related Articles »