News - 2024

തിരുപിറവിയുടെ തിരുനാളില്‍ നിഷ്കളങ്കരുടെ ശബ്ദം കേള്‍ക്കണമെന്ന് വിശുദ്ധ നാടിന്റെ അധ്യക്ഷന്‍

പ്രവാചകശബ്ദം 26-12-2024 - Thursday

ജെറുസലേം: ദിവസം തോറും സഹനങ്ങള്‍ അനുഭവിക്കുന്ന നിഷ്കളങ്കരുടെ ശബ്ദം ശ്രവിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സിസ്കോ പാറ്റണിന്റെ ക്രിസ്തുമസ് സന്ദേശം. ഇസ്രായേലും ഗാസയും തമ്മിലുള്ള യുദ്ധത്താല്‍ നട്ടം തിരിയുന്ന വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ ഫാ. പാറ്റണ്‍ തന്റെ സന്ദേശത്തില്‍ പ്രത്യേകം സ്മരിച്ചു. നൂറ്റാണ്ടുകളായി ഫ്രാന്‍സിസ്കന്‍ സന്യാസ സമൂഹം വിശ്വസ്തതാപൂര്‍വ്വം സംരക്ഷിച്ചു വരുന്ന മേഖലയിലെ ക്രൈസ്തവരുടെ ഇപ്പോഴത്തെ അവസ്ഥ യേശുവിന്റെ ജനനസമയത്തെ തിരുകുടുംബത്തിന്റെ അവസ്ഥയോടാണ് അദ്ദേഹം ഉപമിച്ചത്. അന്ന് താമസിക്കുവാന്‍ ഇടംപോലുമില്ലാതെ വളരെ കഷ്ടതനിറഞ്ഞതായിരുന്നു തിരുകുടുംബത്തിന്റെ അവസ്ഥ.

ഹേറോദേസ് രാജാവ് അധികാരത്തോടുള്ള ആര്‍ത്തി മൂത്ത് നിരപരാധികളായ നിഷ്കളങ്കരേ കൊന്നൊടുക്കിയതു ചൂണ്ടിക്കാട്ടിയ അദ്ദേഹം വിദ്വേഷത്തിന്റേയും യുദ്ധത്തിന്റേയും അന്ധകാരത്താൽ ഇരുട്ടിലായ ഈ ക്രിസ്തുമസ് ദിനത്തിൽ, മറിയം ഈശോയെ കിടത്തിയ പുൽത്തൊട്ടിക്ക് മുന്നിൽ മുട്ടുകുത്തുകയാണെന്ന് പറഞ്ഞു. മനുഷ്യ നിസ്സംഗതയുടെ വൈറസ് ബാധിച്ച്, കൊന്നൊടുക്കപ്പെട്ട നിരപരാധികളുടെ രക്തത്താൽ ചുവന്നു തുടുത്തിരിക്കുകയാണ്. കഴിഞ്ഞ ക്രിസ്തുമസ്സിന് ലോകത്തിനായി ഫ്രാന്‍സിസ് പാപ്പ നല്‍കിയ സന്ദേശത്തിലെ “സമാധാനത്തിന്റെ രാജകുമാരനോട് ‘യെസ്’ പറയുക. അതിന്റെ അര്‍ത്ഥം യുദ്ധത്തോട് ‘നോ’ പറയുക എന്നാണ്.

ശബ്ദമില്ലാത്തവരുടേയും നിഷ്കളങ്കരുടേയും ശബ്ദമായി മാറുവാന്‍ തൊട്ടിലില്‍ കിടക്കുന്ന ഉണ്ണിയേശു നമ്മോട് ആവശ്യപ്പെടുന്നു. നമ്മള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോഴും, ആശംസകള്‍ കൈമാറുമ്പോഴും, ഈ നിമിഷത്തെ മറക്കാതിരിക്കാം. ബെത്ലഹേമിന്റെ പേരില്‍ ക്രിസ്തുമസ് ആശംസിച്ചുകൊണ്ടാണ് ഫാ. പാറ്റണ്‍ തന്റെ ക്രിസ്മസ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. വിശുദ്ധ നാടിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സമൂഹത്തിന് നേതൃത്വം നല്‍കുന്നത് ഫാ. ഫ്രാന്‍സെസ്കോ പാറ്റണാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »