India - 2025
പാലക്കാട് രൂപതയുടെ പുതിയ ഇടയനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനമേറ്റു
പ്രവാചകശബ്ദം 24-04-2022 - Sunday
പാലക്കാട്: പ്രാര്‍ത്ഥനാമുഖരിതമായ ചടങ്ങിൽ ആയിരങ്ങളെ സാക്ഷിയാക്കി പാലക്കാട് രൂപതയുടെ പുതിയ ഇടയനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനമേറ്റു. പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടന്ന തിരുക്കർമങ്ങളിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. സ്ഥാന മൊഴിയുന്ന ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻ ഡ്രൂസ് താഴത്ത് എന്നിവർ സഹകാർമികരായി. മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപത മെത്രാനായി നിയമിച്ചുകൊണ്ടുള്ള നിയമന പത്രിക രൂപത ചാൻസലർ ഫാ ജെയ്മോൻ പള്ളിനീരാക്കൽ വായിച്ചു.
മാർ ജോർജ് ആലഞ്ചേരി, മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ ശിരസിൽ കൈവച്ച് പ്രാർത്ഥിച്ചു നെറ്റിയിൽ കുരിശുവരച്ച് പാലക്കാട് ബിഷപ്പായി അവരോധിച്ചു. തുടർന്ന് അംശ വടി കൈമാറിയശേഷം കത്തീഡ്രലിലെ രൂപതാധ്യക്ഷന്റെ ഔദ്യോഗിക ഇരിപ്പിടത്തിൽ ഉപവിഷ്ടനാക്കി. തുടർന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. മാർ ആൻഡ്രൂസ്താഴത്ത്, മാർ ജേക്കബ് മനത്തോടത്ത്, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്, കാനഡ മിസി സാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരായി.
സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്കി. അനുമോദന യാത്രയയപ്പ് പൊതുസമ്മേളനം മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് മുഖ്യാതിഥിയായി. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.
ജസ്റ്റീസ് കുര്യൻ ജോസഫ്, വി.കെ. ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, സുൽത്താൻപേട്ട ബിഷപ്പ് ഡോ. പീറ്റർ അബീർ അന്തോണിസാമി, മാർ ജോസല്ല വേലിൽ, കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. സാജു ചക്കാല യ്ക്കൽ സിഎംഐ, എകെസിസി രൂപത പ്രസിഡന്റ് തോമസ് ആന്റണി, മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. മാർ ജേക്കബ് മനത്തോടത്തും മാർ പീറ്റർ കൊച്ചുപുരയ്ക്കലും മറുപടി പ്രസംഗം നട ത്തി. വികാരി ജനറാൾ മോൺ. ജിജോ ചാലയ്ക്കൽ സ്വാഗതവും പാസ്റ്ററൽ കൗൺസി ൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി നന്ദിയും പറഞ്ഞു.