News - 2025

ഈസ്റ്റര്‍ സ്ഫോടനം: ഇരകളുടെ പ്രിയപ്പെട്ടവരെയും ശ്രീലങ്കന്‍ ജനതയെയും വീണ്ടും ആശ്വസിപ്പിച്ച് പാപ്പ

പ്രവാചകശബ്ദം 26-04-2022 - Tuesday

വത്തിക്കാന്‍ സിറ്റി: ലോകത്തെ നടുക്കിയ ഈസ്റ്റര്‍ സ്ഫോടനത്തിന്റെ ഇരകളുടെ പ്രിയപ്പെട്ടവരെയും ശ്രീലങ്കന്‍ സമൂഹത്തെയും വീണ്ടും സമാശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഏപ്രിൽ 25, തിങ്കളാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവെച്ചാണ് സ്ഫോടനത്തിനിടെ ജീവന്‍ വെടിഞ്ഞവരുടെ പ്രിയപ്പെട്ടവരെയും ഇറ്റലിയിൽ താമസിക്കുന്ന ശ്രീലങ്കകാരുമായി കൂടിക്കാഴ്ച നടത്തി ആശ്വാസ വാക്കുകള്‍ പകര്‍ന്നത്. 2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മരണവും ഭീകരതയും വിതച്ച ദാരുണമായ സംഭവങ്ങളുടെ വാർഷികമാണ് അവരെ വത്തിക്കാനിലേക്കു വിളിച്ചതിന് കാരണമെന്ന് പാപ്പ പറഞ്ഞു. ഭീകരമായ ആക്രമണങ്ങളിൽ ഇരയായവരെ പ്രത്യേകം ഓര്‍ത്തുവെന്നും ശ്രീലങ്കയിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ താനും പങ്കുചേരുന്നുവെന്നും പാപ്പ പറഞ്ഞു.

"നിങ്ങൾക്ക് സമാധാനം" എന്ന് ഉത്ഥിതനായ കർത്താവ് ആവർത്തിക്കുന്നു. അവിടുന്ന് നമ്മുടെ രക്ഷകനാണ്, അവിടുന്നു മാത്രം! മനുഷ്യർക്ക് ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്ന ഭീകരത അഭിമുഖീകരിക്കുമ്പോൾ, തിന്മയുടെ പ്രവൃത്തി പ്രകടമാണ്. അപ്പോൾ നിരപരാധിയും, പരിശുദ്ധനും, നീതിമാനുമായ ദൈവപുത്രൻ, നമ്മെ രക്ഷിക്കാൻ ക്രൂശിക്കപ്പെട്ട് മരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാകും. മരണം മാത്രമല്ല, തിന്മയുടെയും വിദ്വേഷത്തിന്റെയും സഹോദരഹത്യയുടെയും ക്രൂരത അവിടുന്ന് സ്വയം ഏറ്റെടുത്തു. അവിടുത്തെ കുരിശും, ഉത്ഥാനവും, കനത്ത ഇരുട്ടിൽ പ്രത്യാശയുടെ വെളിച്ചവുമാണ്. അക്രമത്തിന്റെയും യുദ്ധത്തിന്റെയും, പ്രത്യേകിച്ച് തീവ്രവാദത്തിന്റെ ഇരകളായ എല്ലാവർക്കുമായി ഇന്ന് നമുക്ക് പ്രാർത്ഥിക്കാം. - പാപ്പ പറഞ്ഞു.

ഭരണാധികാരികൾക്കും, സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉത്തരവാദിത്തങ്ങൾ ഉള്ളവർക്കും, എല്ലാ ജനങ്ങൾക്കും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരുടെയും പ്രതിബദ്ധത കൊണ്ടും സഹകരണം കൊണ്ടും ഇപ്പോഴത്തെ പ്രയാസങ്ങൾ പരിഹരിക്കപ്പെടട്ടെ. ശ്രീലങ്കയിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാം എന്നാവശ്യപ്പെട്ട പാപ്പ, പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയാൽ പരിശുദ്ധാത്മാവിനാൽ നിറയുകയും രക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം സന്തോഷപൂർവ്വം പ്രഖ്യാപിക്കുകയും ചെയ്യട്ടെയെന്നും പറഞ്ഞു. ശ്രീലങ്കൻ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിതിന്റെ നേതൃത്വത്തിലാണു ബോംബ് സ്ഫോടനത്തിലെ ഇരകളുടെ ബന്ധുക്കൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചത്.

2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »